ഓണത്തോടനുബന്ധിച്ച് ആലപ്പുഴ കൊട്ടാരപ്പാലത്തിലെ പൂക്കടയിലെ കാഴ്ച. ചിത്രം: മനോരമ

  • ഉത്രാടപ്പാച്ചിലിൽ സജീവമായി വിപണികൾ. കനത്ത മഴയ്ക്ക് സാധ്യത. ഒൻപത് ജില്ലകളിൽ യെലോ അലർട്ട്.

തിരുവോണം കളറാക്കാനുള്ള അവസാനവട്ട ഓട്ടവുമായി ഉത്രാടപ്പാച്ചിലില്‍ മലയാളികള്‍. പൂവും ഓണക്കോടിയും ഓണസദ്യ വിഭവങ്ങളുമെല്ലാമായി ഇന്ന് രാത്രി വൈകുംവരെ വിപണി സജീവമായിരിക്കും. അതേസമയം, ഇന്ന് പരക്കെ മഴക്ക് സാധ്യതയുണ്ട്. പൂവിപണിയും പച്ചക്കറി വിപണിയെയും മഴ ബാധിച്ചേക്കും അതിന്റെ ആശങ്കയിലാണ് കച്ചവടക്കാര്‍.

ഒന്‍പത് ജില്ലകളിലാണ് ഇന്ന് കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ വ്യാപകമായി മഴ കിട്ടും. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. കടലും പ്രക്ഷുബ്ധമാണ്. തിരുവോണമായ നാളെയും മധ്യകേരളത്തില്‍ പരക്കെ മഴ കിട്ടും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 

അതേസമയം, തിരുവോണ ദിവസമായ  നാളെയും ശ്രീനാരായണഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബവ്കോ, കണ്‍സ്യൂമര്‍ഫെഡ് ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. റെക്കോര്‍ഡ് മദ്യവില്‍പന നടക്കുന്ന ദിവസങ്ങളിലൊന്നായ ഇന്ന്, ഉത്രാടനാളിലെ തിരക്കൊഴിവാക്കാന്‍ ഓരോ ചില്ലറ വില്‍പന കേന്ദ്രങ്ങളിലും ബവ്കോ കൂടുതല്‍ ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. തിരക്കിനിടയിലെ അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ പ്രധാന വില്‍പന കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ പൊലീസ് നിരീക്ഷണവും ബവ്കോ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവോണ നാളില്‍ ബവ്കോയും കണ്‍സ്യൂമര്‍ഫെഡും ചില്ലറ വില്‍പന കേന്ദ്രങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ടെങ്കിലും ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. വെള്ളിയാഴ്ച ബാറുള്‍പ്പെടെ പൂര്‍ണമായും അടഞ്ഞുകിടക്കും. 

ENGLISH SUMMARY:

Malayalis are fully immersed in bustling Uthradam shopping festivities to prepare for Thiruvonam, keeping markets active late into the night with floral arrangements, new attire, and feast ingredients. However, heavy rain forecasts threaten to disrupt outdoor shopping and cause significant concern for flower and vegetable vendors. The Meteorological Department has issued a yellow alert for nine districts, warning of widespread showers, strong winds, and rough sea conditions. Central Kerala will continue to experience wet weather on Thiruvonam day, with yellow alerts extended to four districts.