തിരുവനന്തപുരം അരുവിക്കര പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിക്ക് ഹാജരാകുന്നതിൽ ഗുരുതര വീഴ്ച വരുത്തുകയും മദ്യപിക്കുകയും ചെയ്ത മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. റൂറൽ എസ്പി പ്രശാന്തൻ കാണിയുടെ മിന്നൽ പരിശോധനയെ തുടർന്നാണ് അച്ചടക്കനടപടി. ഓണാഘോഷത്തിനിടെ ഡ്യൂട്ടി സമയത്ത് ഉദ്യോഗസ്ഥർ മദ്യപിച്ചതായി വ്യക്തമായതോടെ തിരുവനന്തപുരം റൂറൽ എസ്പിയുടെ നിർദ്ദേശപ്രകാരമാണ് മൂവരെയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയ എസ്പി പ്രശാന്തൻ കാണിയോട് രണ്ട് ഉദ്യോഗസ്ഥർ അസ്വാഭാവികമായി പെരുമാറുകയും മദ്യപിച്ചിട്ടില്ലെന്ന് തെറ്റായ മറുപടി നൽകുകയുമായിരുന്നു.
ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യൽ തുടരുന്നതിനിടയിൽ മൂന്നാമത്തെ പൊലീസുകാരൻ സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെടാനും ശ്രമിച്ചു. തുടർന്ന് ഇവർ ഓണാഘോഷത്തിന്റെ ഭാഗമായി ഡ്യൂട്ടിയിൽ നിന്ന് മാറിനിന്ന് മദ്യപിക്കുകയായിരുന്നുവെന്ന് ബോധ്യപ്പെടുകയായിരുന്നു.
പ്രത്യേകിച്ച് കേസുകളൊന്നും നിലവിലില്ലാത്തതിനാലാണ് ഉദ്യോഗസ്ഥരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കാതിരുന്നത്. അതിനാൽ 'ജോലിയിൽ വീഴ്ച വരുത്തി' എന്ന ഔദ്യോഗിക കാരണം ചൂണ്ടിക്കാണിച്ചാണ് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നിലവിൽ സസ്പെൻഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ വകുപ്പുതല അന്വേഷണം തുടരുകയാണ്.