Image: Facebook
സിഎംആര്‍എല്‍ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്കും ഇഡി അന്വേഷണം. 2021ൽ സോളസ് പരസ്യക്കമ്പനിക്ക് വീണ പണം കൈമാറി. പണം കൈമാറിയത് പ്രചാരണത്തിനായെന്നാണ് ഇഡിക്ക് ലഭിച്ച വിവരം സിഎംആര്‍എല്ലില്‍ നിന്നുള്ള പണമാണോ എന്നതില്‍ വ്യക്തത വരുത്തും. വീണയുടെ ഡയറിയിൽ നിന്നാണ് ഇടപാട് വിവരം ലഭിച്ചത്.
അതേസമയം കേസില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കെതിെരെ ഫെമ ചുമത്തും. ദുബായിലേക്ക് 85 ലക്ഷം കൈമാറിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്. വീണയുടെ ഇടപാടുകളില്‍ ദുരൂഹതയെന്ന് ഇഡി. പണം ആര്‍ക്ക് കൈമാറി എന്നതില്‍ അന്വേഷിക്കും. വരുമാനത്തിനപ്പുറമുള്ള വീണയുടെ പണമിടപാടുകളിലും ഇഡിയുടെ വിശദ പരിശോധനയുണ്ടാകും. വീണ ഉപയോഗിച്ച സിം റിയാസിന്റെ സുഹൃത്ത് നന്ദുലാലിന്റെ പേരിലെന്നാണ് ഇഡി കണ്ടെത്തല്‍. എന്നാല്‍ എന്തിനാണ് ഉപയോഗിച്ചതെന്ന് അറിയില്ലെന്നാണ് നന്ദുലാലിന്റെ മൊഴി. ഇന്റർനെറ്റ് കോളിന് വേണ്ടി വീണ സിംകാർഡും മറ്റും ഉപയോഗിച്ചതായി സംശയമെന്ന് ഇഡി പറഞ്ഞിരുന്നു.
കേസില്‍ വീണയെ വീണ്ടും, ഉടൻ ഇഡി ചോദ്യം ചെയ്യും. നേരത്തെ രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. വീണ്ടും വിളിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. വീണയ്ക്കെതിരെയുള്ള കണ്ടെത്തലുകൾ വാർത്താ കുറിപ്പായി ഇഡി ഇറക്കിയിരുന്നു, ഇതിന് പിന്നാലെയാണ് നടപടി കടുപ്പിക്കുന്നത്. വീണയുടെ ഡയറിയിൽ നിന്ന് ഇരുപത് കോടിയിലേറെ രൂപയുടെ ഇടപാടുകളെക്കുറിച്ചാണ് ഇഡിക്ക് വിവരം ലഭിച്ചത്. ടി.വീണ ഹവാല ചാനലുകളിലൂടെ പണം കൈമാറിയത് ആര്‍ക്ക്? 85 ലക്ഷം രൂപ വീണ ദുബായിലേക്ക് മാറ്റിയത് ആര്‍ക്കുവേണ്ടി? എന്നിവയാണ് ഇഡിക്ക് മുന്നിലുള്ള ചോദ്യം.
ALSO READ: വീണ ദുബായിലേക്ക് 85 ലക്ഷം അയച്ചത് എന്തിനെന്ന് തിരഞ്ഞ് ഇഡി? വിശദീകരണയോഗത്തിന് സിപിഎം ...
അതിനിടെ, സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പിടിച്ചെടുത്തത ഡിജിറ്റൽ തെളിവുകളുടെ വിശദ പരിശോധന ഇന്ന് തുടങ്ങിയേക്കും. കോഴിക്കോട് ഒൻപത് ഇടങ്ങളിലാണ് ചൊവ്വാഴ്ച പരിശോധന നടന്നത്. മുഹമ്മദ് റിയാസിൻ്റെ അടുപ്പക്കാരുടെ വീടുകളിലായിരുന്നു പരിശോധന. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് സൂചന. അതുകൊണ്ടുതന്നെ ഇവർക്ക് സമൻസയക്കാനുള്ള നടപടികളിലേക്കും ഇഡി കടക്കുകയാണ്.