ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളെല്ലാം തോൽവികളല്ല, മറിച്ച് വലിയ വിജയങ്ങളിലേക്കുള്ള ചവിട്ടുപടികളാണെന്ന് തെളിയിക്കുകയാണ് തൃശൂർ അരിമ്പൂർ സ്വദേശിയായ പതിമൂന്നുകാരൻ ശ്രീപദ്. ഡൗൺ സിൻഡ്രോം എന്ന അവസ്ഥയെ തന്റെ ഇച്ഛാശക്തിയും പ്രതിഭയും കൊണ്ട് നേരിടുന്ന ഈ കൊച്ചു മിടുക്കൻ ഇന്ന് നാടിനാകെ പ്രചോദനമാണ്. ചെറിയ കൈകളിൽ വലിയ സ്വപ്നങ്ങളുമായി ശ്രീപദ് തീർക്കുന്ന മുത്തുമാലകൾക്കും ഫാഷൻ ആഭരണങ്ങൾക്കും ഇന്ന് കേരളത്തിനകത്തും പുറത്തും വലിയ ആവശ്യക്കാരാണുള്ളത്.
മണിക്കൂറുകളോളം ഏകാഗ്രതയോടെ ഇരുന്ന് ശ്രീപദ് ഓരോന്നും കോർത്തെടുക്കുമ്പോൾ, അവിടെ പൂർത്തിയാകുന്നത് ഒരു ഉൽപ്പന്നം മാത്രമല്ല, എനിക്കും സമൂഹത്തിൽ സ്വന്തമായി എന്തു സാധിക്കുമെന്ന അവന്റെ അടിയുറച്ച ആത്മവിശ്വാസമാണ്. അരിമ്പൂർ ഗവൺമെന്റ് യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ശ്രീപദ്, പഠനത്തോടൊപ്പം തന്റെ സർഗാത്മക കഴിവുകളും ഒരുപോലെ മുന്നോട്ട് കൊണ്ടുപോവുകയാണ്.
ഈ കൊച്ചുമിടുക്കന്റെ ഓരോ ചുവടുവെപ്പിനും തണലായി അമ്മ നീതു ഒപ്പമുണ്ട്. ശ്രീപദ് നിർമ്മിക്കുന്ന മനോഹരമായ വസ്തുക്കൾ ഭംഗിയായി പാക്ക് ചെയ്യുന്നതും ആവശ്യക്കാർക്ക് എത്തിക്കുന്നതും അമ്മയുടെ പിന്തുണയോടെയാണ്. 'ശ്രീപദ് ലവ് ബ്രാൻഡ്സ്' എന്ന ബ്രാൻഡ് നെയിമിലാണ് ഈ ഉൽപ്പന്നങ്ങൾ വിപണിയിലെത്തുന്നത്. വിവിധ സ്ഥലങ്ങളിൽ നടക്കുന്ന എക്സിബിഷനുകളിലെ സ്റ്റാളുകളിൽ ശ്രീപദിന്റെ മുത്തുൽപ്പന്നങ്ങൾ ഇതിനോടകം വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.
സ്വന്തം അധ്വാനത്തിലൂടെ ലഭിക്കുന്ന വരുമാനത്തിൽ നിന്നും ഒരു പങ്ക് താൻ പഠിക്കുന്ന സ്കൂളിലെ പിടിഎ ഫണ്ടിലേക്കും ശ്രീപദ് നൽകിവരുന്നുണ്ട്. പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ട് സ്വപ്നങ്ങൾക്ക് പിറകെ പോകുന്ന ശ്രീപദ്, ജീവിതത്തിൽ വഴിമുട്ടി നിൽക്കുന്നവർക്ക് വലിയൊരു ഊർജ്ജമാണ്.