ബംഗളൂരുവിൽ റാപ്പിഡോ ബൈക്ക് ടാക്സി അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സാനി കൃഷ്ണയ്ക്ക് ചികിത്സാച്ചെലവ് നൽകുന്നതിൽ വീഴ്ച. കോഴിക്കോട് സ്വദേശിയായ സാനി കൃഷ്ണയ്ക്കാണ് (32) യാത്രാവേളയിൽ അപകടമുണ്ടായത്. ബൈക്ക് യാത്രാമധ്യേ ഡ്രൈവർ അശ്രദ്ധമായി ട്രാക്ടര്‍ മറികടക്കാൻ ശ്രമിക്കുന്നതിനിടെ റോഡിൽ തെറിച്ചുവീണ സാനി കൃഷ്ണയുടെ ശരീരത്തിലൂടെ ട്രാക്ടറിന്‍റെ ചക്രം കയറിയിറങ്ങുകയായിരുന്നു.
കമ്പനിയുടെ ഭാഗത്ത് നിന്നും നഷ്ടപരിഹാരം ലഭിക്കാതെ വന്നതോടെ റാപ്പിഡോ കമ്പനിക്ക് സാനി കൃഷ്ണ വക്കീൽ നോട്ടീസ് അയച്ചിരുന്നു. അടുത്തിടെ കമ്പനി സാനിയെ സഹായിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാൽ കമ്പനി തനിക്ക് സാമ്പത്തിക സഹായം നൽകിയെന്ന വാർത്തകൾ നിഷേധിച്ച് സാനി കൃഷ്ണ രംഗത്തെത്തി. തനിക്ക് ഇതുവരെ കമ്പനിയിൽ നിന്ന് ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ തെറ്റാണെന്നും അവർ വ്യക്തമാക്കി.
'ഈ അവസ്ഥയിൽ ക്യാമറയുടെ മുന്നിൽ വരാൻ യാതൊരു താല്പര്യവുമില്ലായിരുന്നു. എന്നാൽ റാപ്പിഡോ എന്നെ സഹായിക്കുന്നുണ്ട് എന്ന് പറഞ്ഞ് ഇന്റർനെറ്റിൽ മുഴുവൻ വരുന്ന വാർത്തകൾ കണ്ടപ്പോഴാണ്, വേറെ വഴിയില്ലാതെ ഇങ്ങനെ വന്ന് സംസാരിക്കേണ്ടി വന്നത്. ചികില്‍സാചിലവുകള്‍ മുഴുവൻ അവർ നോക്കുന്നുണ്ടെന്നും, ഹോസ്പിറ്റലിൽ വന്ന് നേരിട്ട് കണ്ടു എന്നുമൊക്കെ റാപ്പിഡോ പല മാധ്യമങ്ങളോടും പറയുന്നത് പച്ചക്കള്ളമാണ്. യഥാർഥത്തിൽ ഇന്നുവരെ അവർക്ക് റാപ്പിഡോയിൽ നിന്ന് ഒരു രൂപ പോലും സാമ്പത്തിക സഹായം കിട്ടിയിട്ടില്ല എന്നതാണ് യാഥാർഥ്യം. അവരുടെ ഏക ഓഫര്‍ ഒരു മൈക്രോ ഇന്‍ഷുറന്‍സ് ആപ്പുമായി പോയി ഫൈറ്റ് ചെയ്യാൻ വക്കീലിനോട് പറയുക എന്നത് മാത്രമായിരുന്നു. സ്വന്തം ഭാഗത്തുള്ള ഉത്തരവാദിത്തത്തിൽ നിന്ന് പൂർണ്ണമായും കൈ കഴുകാനാണ് അവർ ഇതിലൂടെ ശ്രമിക്കുന്നത്. നേരിട്ട് ഒരു സഹായവും നല്‍കാതെ പ്രസ്താവന ഇറക്കുന്നത് അവരുടെ മുഖം നന്നാക്കിയെടുക്കാൻ വേണ്ടി മാത്രമുള്ള വെറുമൊരു നാടകമാണ്.
തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ യാത്ര ചെയ്ത് ജീവിതം തന്നെ തകർന്ന ഒരാളെ ആത്മാർഥമായി സഹായിക്കാൻ അവർക്ക് യാതൊരു ഉദ്ദേശവുമില്ല. ഇതുവരെ ചികില്‍സയ്ക്കായി ലക്ഷങ്ങള്‍ ചെലവിട്ടു. ഇതുമുഴുവന്‍ ഞാനും കുടുംബവും തന്നെയാണ് കണ്ടെത്തുന്നത്. റാപ്പിഡോയ്ക്ക് ശരിക്കും സഹായിക്കാൻ ആഗ്രഹമുണ്ടെങ്കിൽ സ്വീകരിക്കും, പക്ഷെ ആ സഹായം വെറും പ്രസ്താവനയിൽ മാത്രം ഒതുങ്ങാതെ, ആവശ്യമുള്ള ആളുടെ കൈകളിൽ തന്നെ എത്തണം.
ഈയൊരു സമയത്ത് ശരിക്കും വേണ്ടത് കുറച്ച് വിശ്രമം ആണ്. വേഗം സുഖം പ്രാപിച്ച് പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകണം എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്. എന്നാൽ ഇപ്പോൾ, സ്വന്തം ജീവന് വേണ്ടി പോരാടുന്നതിനൊപ്പം തന്നെ സത്യങ്ങൾ തെളിയിക്കാൻ വേണ്ടി കൂടി നിർബന്ധിതയാവുകയാണ്. ഒരുമിച്ചു ഈ രണ്ടു കാര്യങ്ങളും ചെയ്യാൻ കഴിയില്ല. ഇതിനൊക്കെ വേണ്ടി വീണ്ടും ഇതുപോലൊരു വിഡിയോയുമായി വരേണ്ടി വരില്ല എന്ന് പ്രതീക്ഷിക്കുന്നു,' സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയില്‍ സാനി കൃഷ്ണ പറഞ്ഞു.
ജൂൺ 17നാണ് ഓഫീസിലേക്ക് പോകുന്നതിനിടയിൽ അപകടം സംഭവിച്ചത്. അപകടത്തിൽ യുവതിയുടെ ഏഴു വാരിയെല്ലുകൾ ഒടിഞ്ഞു. പ്ലീഹ നീക്കം ചെയ്യുന്നതിനുള്ള അടിയന്തര ശസ്ത്രക്രിയയ്ക്കും മുഖത്ത് പ്ലാസ്റ്റിക് സർജറിക്കും വിധേയയാകേണ്ടി വന്നു.