മുഖ്യമന്ത്രി വി.ഡി.സതീശന്‍ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചതില്‍ പ്രതികരിച്ച് മന്ത്രി കെ.എം.ഷാജി. തന്‍റെ നിലപാടില്‍ മാറ്റമില്ലെന്നും മുന്നണിയില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഷാജി പറഞ്ഞു. എന്‍റെ പ്രസംഗം അവിടെ കിടക്കുന്നുണ്ട്. അതെന്‍റെ അഭിപ്രായമാണ്. ബാക്കി നിങ്ങള്‍ മുഖ്യമന്ത്രിയോട് ചോദിക്കണം. എന്‍റെ അഭിപ്രായത്തില്‍ വ്യത്യാസമില്ല. മറ്റുള്ളവര്‍ ചെയ്യുന്നതിനെ ഞാന്‍ ആക്ഷേപിക്കാന്‍ പോകുന്നില്ല. ഞാനങ്ങനെ ചെയ്യില്ല, അതെന്‍റെ പോളിസിയാണ്. മുഖ്യമന്ത്രിയും ഞങ്ങളും തമ്മില്‍ പല മേഖലകളിലും വിയോജിപ്പുണ്ട്. ഞങ്ങള്‍ രണ്ട് പാര്‍ട്ടിയാണ്, രണ്ട് അഭിപ്രായക്കാരാണ്. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്കിടയിലുണ്ടെന്നും കെ.എം.ഷാജി മാധ്യമങ്ങളോട് വ്യക്തമാക്കി. 

പി എം ശ്രീയില്‍ അഭിപ്രായ വ്യത്യാസം ഇല്ലെന്നും ലീഗിന് ഒരു നിലപാടുണ്ടെന്നും ഷാജി പറഞ്ഞു. മുന്നണിയില്‍ വിയോജിപ്പ് അറിയിക്കേണ്ട സമയത്ത് അറിയിക്കുമെന്നും ഷാജി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിച്ച വി.ഡി.സതീശന്‍ ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍പ് അമൃതാനന്ദമയിക്കെതിരെ കെ.എം.ഷാജി നടത്തിയ പരാമര്‍ശം വീണ്ടും ചര്‍ച്ചയായത്. 

മന്ത്രിസ്ഥാനത്തുള്ള ഒരു വ്യക്തി ആള്‍ദൈവമായ അമൃതാനന്ദമയിയെ കെട്ടിപ്പിടിക്കുന്നതും ദര്‍ഗയില്‍ പോയി തുണി വിരിക്കുന്നതും ഒരുപോലെ തെറ്റാണെന്നായിരുന്നു കെ.എം. ഷാജി അന്ന് പറഞ്ഞത്. മുന്‍ മന്ത്രി സജി ചെറിയാന്‍ അമൃതപുരിയിലെത്തി അമൃതാനന്ദമയിയെ ചേര്‍ത്തുപിടിക്കുന്നതിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു ഷാജിയുടെ അന്നത്തെ വിമര്‍ശനം.

ENGLISH SUMMARY:

Responding to Chief Minister V.D. Satheesan's visit to Mata Amritanandamayi, Minister K.M. Shaji stated that he stands firm on his previous stance regarding such meetings while acknowledging the freedom to hold differing opinions within the alliance. Shaji remarked that his past statements remain a matter of record and directed further questions regarding the visit to the Chief Minister himself. While noting that the UDF constituents are two different parties with distinct viewpoints and periodic disagreements, he clarified that he will not criticize others for their actions. This follows widespread discussion over Shaji's earlier critique where he equated a minister embracing godwoman Mata Amritanandamayi to visiting shrines, prompted by Satheesan spending an hour at the Amritapuri ashram.