വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളം അറിഞ്ഞ് കാണാതായ പുല്ലുവിള സ്വദേശി ജോണിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് മന്ത്രി ഷിബു ബേബി ജോൺ. ആഴക്കടലില്‍പ്പെട്ട അച്ഛന്‍റെ വരവിനായി കാത്തിരിക്കുന്ന മകന്‍റെ സങ്കടം മന്ത്രി നിശബ്ദനായി കേട്ടു. ജോണിനായുള്ള തിരച്ചില്‍ വൈകിയെന്ന് കുടുംബം ആരോപിച്ചു. ഒപ്പം ഫോണില്‍ വിളിച്ച മുഖ്യമന്ത്രി സങ്കടം മുഴുവന്‍ കേള്‍ക്കാതെ ഫോണ്‍ കട്ട് ചെയ്തുവെന്നാണ് മകളുടെ പരാതി. കുടുംബത്തിന്‍റെ സങ്കടം ഉള്‍ക്കൊള്ളുന്നുവെന്നും സര്‍ക്കാര്‍ സംവിധാനത്തിനൊപ്പം മല്‍സ്യത്തൊഴിലാളികളുടെയും സഹായത്തോടെ ജോണിനെ കണ്ടെത്താന്‍ ശ്രമിക്കുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ഇന്നലെ രാത്രിയിലാണ് മന്ത്രി ജോണ്‍ മത്യാസിന്‍റെ വീട്ടിലെത്തിയത്.
തങ്ങള്‍ ചോദിച്ചതിന് ശേഷമാണോ തിരച്ചില്‍ നീട്ടേണ്ടതെന്ന് മകന്‍ ചോദിക്കുന്നു. ‘ഇതാണ് ഞങ്ങളുടെ വേദന. കാരണം കടലിൽ കിടക്കുമ്പോൾ ഞങ്ങളുടെ മനോവികാരം, അപ്പൻ അവിടെ ഉണ്ട്, അപ്പൻ എവിടെയോ ഉണ്ട് രക്ഷപ്പെടുത്തണം രക്ഷപ്പെടുത്തണം എന്നുള്ളതാണ്’– മകന്‍ പറയുന്നു. അതേസമയം, ആശ്വാസത്തിനുപരി തനിക്ക് വേണ്ടിയിരുന്നത് ഒരു പരിഹാരം ആണെന്നും. എന്നാല്‍ അത് ഞങ്ങൾ പറയുന്നതിനുമുമ്പ് മുഖ്യമന്ത്രി ഫോൺ കട്ട് ചെയ്യുകയാണ് ഉണ്ടായതെന്നും മകള്‍ പറഞ്ഞു.
അതേസമയം, എല്ലാം ശ്രദ്ധയോടെ കേട്ടിരുന്ന മന്ത്രി ജോണിന്‍റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. സര്‍ക്കാരിന് കഴിയാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും തിരച്ചില്‍ കുറ്റമറ്റ രീതിയില്‍ തുടരുമെന്നും മന്ത്രി. മല്‍സ്യത്തൊഴിലാളികളുടെ സഹായത്തോടെ അവരെക്കൂടി വിശ്വാസത്തിലെടുത്തുള്ള തിരച്ചില്‍ നടത്തും. കുടുംബത്തിന്‍റെ ആശങ്ക ഉള്‍ക്കൊള്ളുന്നു. തിരച്ചില്‍ നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഷിബു ബേബി ജോണ്‍ വീട്ടില്‍ വന്ന് തങ്ങള്‍ പറഞ്ഞതെല്ലാം കേട്ടെന്നും പരമാവധി സഹായം ചെയ്യുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ജോണിന്‍റെ മകളും വ്യക്തമാക്കി.
ജൂലൈ 31ന് രാത്രിയിലെ കടൽക്ഷോഭത്തെ തുടർന്ന് വള്ളം മറിഞ്ഞാണ് കരുംകുളം പുല്ലുവിള സ്വദേശി ജോണിനെ കാണാതാകുന്നത്. അപകടത്തില്‍പ്പെട്ട മനോജ്, ഷാജി എന്നിവര്‍ തീരം തൊട്ടെങ്കിലും ജോണിനെ മാത്രം കണ്ടെത്താനായിട്ടില്ല. ഒന്‍പതാം നാള്‍ പിന്നിടുമ്പോഴും ജോണിനെ നോക്കി നിരാശയും വേദനയും ഉള്ളിലൊതുക്കി കാത്തിരിക്കുകയാണ് കുടുംബം.
അതേസമയം, മുതലപ്പൊഴിയില്‍ കടലില്‍ വള്ളം മറിഞ്ഞ് കാണാതായ മല്‍സ്യത്തൊഴിലാളി ഷിജിന്‍റെ കുടുംബത്തെയും ഷിബു ബേബി ജോണ്‍ സന്ദര്‍ശിച്ചു. ഷിജിനായുള്ള തിരച്ചില്‍ നിര്‍ത്തില്ലെന്നും മുതലപ്പൊഴി അപകടരഹിതമാക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. തിരച്ചില്‍ നടപടികളില്‍ മെല്ലെപ്പോക്കെന്ന് ആരോപിച്ച് ഷിജിന്‍റെ ഭാര്യയും, ബന്ധുക്കളും കഴിഞ്ഞദിവസം മുതലപ്പൊഴിയില്‍ റോഡ് ഉപരോധിച്ചിരുന്നു.