പാലക്കാട് ചാലിശേരി ജനകീയ ആരോഗ്യ കേന്ദ്രത്തില്‍നിന്നും നഴ്സിന് പാമ്പുകടിയേറ്റു. അണലിയുടെ കടിയേറ്റ നഴ്സ് മിസിരിയ അപകടനില തരണം ചെയ്തു. ആരോഗ്യ കേന്ദ്രത്തിനു പിന്‍വശത്ത് കാടുപിടിച്ചു കിടക്കുന്ന സ്ഥലത്തുവെച്ചാണ് കടിയേറ്റത്. കാടുവെട്ടിത്തെളിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
ചാലിശേരി എസ്റ്റേറ്റ് പടിയില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ ഞായറാഴ്ചയാണ് സംഭവം. കേന്ദ്രത്തിന് പിന്‍വശത്തെ കാടുപിടിച്ച ഭാഗം വൃത്തിയാക്കാന്‍ ശ്രമിക്കുമ്പോളാണ് നഴ്സിന്‍റെ കാലില്‍ അണലിയുടെ കടിയേറ്റത്. ഗുരുതരാവസ്ഥയിലായ ചാവക്കാട് സ്വദേശി മിസിരിയയെ കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ അപകടനില തരണംചെയ്തിട്ടുണ്ട്. കാടുപിടിച്ച ഇടം വെട്ടിത്തെളിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ചാലിശേരി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
ആശുപത്രി പരിസരം ഈ മഴക്കാലത്ത് കാടുപിടിച്ച് കിടക്കുന്നത് രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ ഭീഷണിയാണ്. പെരുമണ്ണൂര്‍, കൂറ്റനാട്, എസ്റ്റേറ്റ് പടി എന്നിവിടങ്ങളില്‍ നിന്ന് നൂറുകണക്കിന് പേര്‍ ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രമാണിത്. പഞ്ചായത്ത് മേല്‍നോട്ടം വഹിക്കുന്ന കേന്ദ്രത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നാണ് ആവശ്യം.