ആലപ്പുഴയിൽ മഴയും കുറഞ്ഞു, വെള്ളത്തിന്‍റെ വരവും കുറഞ്ഞു. പക്ഷേ, ഒരിക്കലും വെള്ളം കയറില്ല എന്ന അവകാശവാദവുമായി കോടികൾ മുടക്കി കഴിഞ്ഞ സർക്കാർ നിർമിച്ച ആലപ്പുഴ- ചങ്ങനാശേരി റോഡ് ഇപ്പോഴും വെള്ളത്തിൽ തന്നെ. ഇടവിട്ടിടവിട്ട് റോഡിൽ വലിയ വെള്ളക്കെട്ടായതിനാൽ എസി റോഡിൽ ഗതാഗതം ഭാഗീകം മാത്രമാണ്.
റോഡ് നിർമിക്കുമ്പോൾ അവകാശവാദങ്ങൾ ഒരുപാടുണ്ടായിരുന്നു. അതെല്ലാം കേവലം വാഗ്ദാനങ്ങള്‍ ആയിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് രൂപപ്പെട്ട വെള്ളക്കെട്ട്. കെആർടിസിയും, വലിയ വാഹനങ്ങളും മാത്രമേ റോഡിലൂടെ ഇപ്പോള്‍ പോകുന്നുള്ളൂ. ഇരുചക്ര യാത്രികരും ചെറുവണ്ടിക്കാരും യാത്ര ചെയ്യാന്‍ നന്നേ പണിപ്പെടുന്നു.
വെള്ളത്തിന്‍റെ വരവ് കുറഞ്ഞെങ്കിലും കുട്ടനാട്ടിൽ വീടുകൾ വാസയോഗ്യം ആയിട്ടില്ല. കൃഷിനാശം വ്യാപകമാണ്. രാത്രി വീശിയടിച്ച കാറ്റിൽ ഒരു വീട് തകർന്നു. വയലാട്ടു ചിറയിൽ ബിജു തോമസിന്‍റെ വീടാണ് തകർന്നത്. ആളപായം ഇല്ല. കനത്ത മഴയില്ലാത്തതാണ് കുട്ടനാട്ടുകാരുടെ ഇപ്പോഴത്തെ ആശ്വാസം.