നിരക്കു വർധന ആവശ്യപ്പെട്ട് ഊബർ, ഓല എന്നീ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കെതിരെ ഓൺലൈൻ ടാക്സി ഡ്രൈവർമാർ നടത്തുന്ന സമരം അവസാനിപ്പിച്ചു. സര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്നാണ് സമരം താല്‍ക്കാലികമായി നിര്‍ത്തിയത്. ഗതാഗത കമ്മീഷണറുടെ നേതൃത്വത്തില്‍ ചര്‍ച്ച തുടരാനും ധാരണയായി. .
ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ വിവിധ സംഘടനകളുടെ കൂട്ടായ്മയായ ഓൾ കേരള ഓൺലൈൻ ഡ്രൈവേഴ്സ് യൂണിയൻ അലയൻസിന്റെ നേതൃത്വത്തിലായിരുന്നു സമരം. ഓൺലൈൻ ഡ്രൈവർമാരുടെ ന്യായമായ ആവശ്യം അംഗീകരിക്കുന്നതു വരെ സമരം തുടരുമെന്നു ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ നേരത്തെ നിലപാടെടുത്തിരുന്നു. ഓൺലൈൻ ടാക്സി സേവനങ്ങൾക്ക് ഏകീകൃത നിരക്കു നിശ്ചയിക്കുക, പ്ലാറ്റ്ഫോമുകൾ ഈടാക്കുന്ന കമ്മിഷൻ നിയന്ത്രിക്കുക, നിരക്കു പരിഷ്കരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
നിരക്കുവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്നു സർക്കാരിന്റെ കേരള സവാരി, റാപ്പിഡോ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയുള്ള ടാക്സി സേവനങ്ങൾ നേരത്തെ തന്നെ പുനരാരംഭിച്ചിരുന്നു. അഞ്ച് കിലോമീറ്ററിന് കുറഞ്ഞ നിരക്ക് 180 രൂപ നൽകാമെന്നു കേരള സവാരി, റാപ്പിഡോ കമ്പനികൾ അറിയിച്ചിട്ടുണ്ടെന്നു യൂണിയൻ നേതാക്കൾ പറഞ്ഞു. നേരത്തേ 140–160 രൂപയാണ് ലഭിച്ചിരുന്നത്. സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കായ കിലോമീറ്ററിന് 18 രൂപ നൽകണമെന്ന ആവശ്യവും കമ്പനികൾ അംഗീകരിച്ചതായി നേതാക്കൾ പറഞ്ഞു.