santosh-pandit-cm-feast-controversy

മഴക്കെടുതിയ്ക്കിടെ മലപ്പുറം പൊന്നാനിയില്‍ യൂത്ത് ലീഗ് നേതാവ് ഒരുക്കിയ വിരുന്നില്‍ മുഖ്യമന്ത്രി പങ്കെടുത്തുവെന്ന വിവാദം തീർത്തും അനാവശ്യമാണെന്ന് സന്തോഷ് പണ്ഡിറ്റ്. മുഖ്യമന്ത്രി ആണെന്ന് കരുതി, പ്രളയ സമാന സാഹചര്യത്തിൽ ലഘുവായി ഭക്ഷണം കഴിക്കാൻ പാടില്ലേയെന്നും അദ്ദേഹവും ഒരു മനുഷ്യൻ അല്ലേയെന്നും സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്കിൽ കുറിച്ചു. 

സംസ്ഥാനത്ത് കനത്ത മഴയും പ്രളയക്കെടുതിയും തുടരുന്നതിനിടയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പൊന്നാനിയിൽ ഒരു കുഞ്ഞു വിരുന്നിൽ പങ്കെടുത്തു ലഘു ഭക്ഷണം കഴിച്ചു, അന്നേ ദിവസം ഒരു ജ്വല്ലറി, ബേക്കറി ഉദ്ഘാടനം നടത്തി, സർക്കാർ വാടകക്ക് എടുത്ത ഹെലികോപ്റ്ററിൽ സഞ്ചരിച്ചു എന്നൊക്കെ പറഞ്ഞു കേരളത്തിൽ രാഷ്ട്രീയ വിവാദം കത്തുകയാണല്ലോ. എന്നാൽ ഈ വിവാദം തീർത്തും അനാവശ്യം എന്നേ ഞാൻ പറയു. കാരണങ്ങൾ ഇവയാണ്. 

1) മുഖ്യമന്ത്രി ആണെന്ന് കരുതി, പ്രളയ സമാന സാഹചര്യത്തിൽ ലഘുവായി ഭക്ഷണം കഴിക്കാൻ പാടില്ലേ?  അദ്ദേഹവും ഒരു മനുഷ്യൻ അല്ലേ? 

2) മഴയും പ്രളയവും ഒക്കെ വരുന്നതിനു മുമ്പേ ആ ഷോപ്പ് ഉദ്ഘാടനം അദ്ദേഹം ഏറ്റെടുത്തതാകും.. അങ്ങനെ ഉദ്ഘാടകൻ ആയി അദ്ദേഹത്തെ കാത്തിരിക്കുന്ന ആളുകൾക്ക് മുന്നിൽ പോയി ആ കാര്യം നിർവഹിച്ചതിൽ എന്താണ് തെറ്റ്? വാക്ക് പാലിക്കേണ്ടേ? 

3) കഴിഞ്ഞ കേരള സംസ്ഥാന സർക്കാർ പ്രതിമാസം 80 ലക്ഷം രൂപ അടിസ്ഥാന വാടക നൽകിയാണ്  വിവിഐപി (VVIP) യാത്രകൾക്കായി ഹെലികോപ്റ്റർ കരാറെടുത്തിരിക്കുന്നത്. നിലവിലെ മുഖ്യൻ ഒരു അത്യാവശ്യ കാര്യത്തിന് ആ വിമാനം ഉപയോഗിച്ചത് എന്താ ക്രിമിനൽ കുറ്റം ആണോ? (ഈ വിമാന ഉടമ്പടി ഉണ്ടാക്കിയത് ഈ സർക്കാർ അല്ല).

ഈ 80 ലക്ഷം രൂപയ്ക്ക് പ്രതിമാസം 25 മണിക്കൂർ വരെ ഹെലികോപ്റ്റർ പറത്താം. അധിക തുക: നിശ്ചിത 25 മണിക്കൂറിലും കൂടുതൽ പറക്കുന്ന ഓരോ മണിക്കൂറിനും അഡീഷണൽ തുക വേറെ നൽകണം. ഇനി ഇത് ഉപയോഗിച്ചില്ലെങ്കിലും,  കരാർ പ്രകാരം മാസം 25 മണിക്കൂർ പറന്നില്ലെങ്കിലും അടിസ്ഥാന വാടകയായ 80 ലക്ഷം രൂപ പൂർണ്ണമായും നൽകണം.. എങ്കിൽ അത്യാവശ്യ കാര്യത്തിന് അത് ഒന്ന് ഉപയോഗിച്ചതിൽ എന്താണ് തെറ്റ്? 

ജനം വെള്ളത്തിൽ ആയപ്പോൾ മുഖ്യൻ വിരുന്ന് സൽക്കാരത്തിലും ജ്വലറി ഉടമയുടെ സൽക്കാരത്തിലും എന്ന വിമർശനം ഉടനെ  അവസാനിപ്പിക്കുക. അദ്ദേഹമല്ല പ്രളയം ഉണ്ടാക്കുന്നത്. നാട്ടിൽ ദുരന്തം നടക്കുമ്പോൾ ലോകത്ത് എവിടെയും മന്ത്രിമാരാരും നിരാഹാരം കിടന്ന ചരിത്രമൊന്നുമില്ല. മുഖ്യമന്ത്രി ചെയ്യേണ്ടിയിരുന്ന കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ ചെയ്‌തോ ഇല്ലയോ എന്ന് മാത്രം ചിന്തിക്കുക. 

കാലവർഷക്കെടുതിയിൽ‌ അടിയന്തര യോ​ഗം ചേർന്നതായും പ്രളയക്കെടുതി നേരിടാൻ പത്തനംതിട്ടയിൽ പ്രത്യേക സന്നാഹമൊരുക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ  അറിയിച്ചു. നാശ നഷ്ടങ്ങൾക്ക് ഫണ്ട്‌ അനുവദിച്ചു. പോരെ?  അല്ലാതെ മുഖ്യമന്ത്രി പ്രളയ നിവാരണം നടത്താൻ നേരിട്ട് വെള്ളത്തിൽ ഇറങ്ങി, തോണി തുഴഞ്ഞു ജനങ്ങളെ രക്ഷിക്കേണ്ട ആവശ്യമില്ല. ഓഫിസിൽ ഇരുന്ന് കാര്യങ്ങൾ മോണിട്ടർ ചെയ്താൽ മതിയാകും. അത് അദ്ദേഹം വൃത്തിക്കു ചെയ്യുന്നുണ്ട്.- സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി. 

 

ENGLISH SUMMARY:

Santosh Pandit dismisses the controversy surrounding the Chief Minister's participation in a feast during flood-like conditions as unnecessary. He emphasizes that the Chief Minister is also human and has obligations that need to be fulfilled, even during a crisis.