kerala-dam-waterlevel

TOPICS COVERED

  • കഴിഞ്ഞവര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 20 ശതമാനത്തിലേറെ വെള്ളം കുറവാണെങ്കിലും കെ.എസ്.ഇ.ബിയുടെ കീഴിലുള്ള 18 ഡാമുകളിലെയും ജലനിരപ്പ് കാര്യമായി ഉയര്‍ന്നിട്ടുണ്ട്

സംസ്ഥാനത്ത് തീവ്ര മഴയെത്തുടര്‍ന്നുള്ള ആശങ്ക നെഞ്ചിടിപ്പ് കൂട്ടുമ്പോഴും വൈദ്യുതി പ്രതിസന്ധി ഒഴിയാനുള്ള വഴിതെളിയുന്നുവെന്ന് കെ.എസ്.ഇ.ബി. കഴിഞ്ഞവര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 20 ശതമാനത്തിലേറെ വെള്ളം കുറവാണെങ്കിലും കെ.എസ്.ഇ.ബിയുടെ കീഴിലുള്ള 18 ഡാമുകളിലെയും ജലനിരപ്പ് കാര്യമായി ഉയര്‍ന്നിട്ടുണ്ട്. അഞ്ച് ഡാമുകളില്‍ ജലനിരപ്പ് കൂടിയതിനെത്തുടര്‍ന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചെങ്കിലും സംഭരണശേഷി കുറഞ്ഞ ഡാമുകളെന്ന് വിശദീകരണം. 

രാത്രികാലങ്ങളില്‍ മതിയായ വൈദ്യുതി കിട്ടാനില്ലാത്തതോടെ കഴിഞ്ഞ ഒന്നര മാസത്തിനിടെ പലതവണ കെ.എസ്.ഇ.ബി വൈദ്യുതി മുടക്കിയിരുന്നു. ചിലസമയത്ത് മുന്നറിയിപ്പുണ്ടായെങ്കിലും കറന്‍റ് കട്ടുണ്ടായില്ല. അന്തരീക്ഷത്തെ അതിതീവ്ര ചൂടിലേക്കെത്തിക്കുന്ന എല്‍നിനോ പ്രതിഭാസവും ഷോക്കടിപ്പിക്കുമെന്നായപ്പോഴാണ് മഴ കെ.എസ്.ഇ.ബിയുടെ ഡാമുകളെ സമ്പുഷ്ടമാക്കിയത്. സംസ്ഥാനത്തെ ഊര്‍ജവാഹിനിയെന്നറിയപ്പെടുന്ന ഇടുക്കിയിലെ ഇടുക്കി ഡാമില്‍ 2339 അടി വെള്ളമുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡാമിലേക്ക് ഒഴുകിയെത്തിയത് പത്ത് അടിയിലേറെ വെള്ളമാണ്. 

ഷോളയാറില്‍ 2625.30 അടിയാണ് ജലനിരപ്പ്. ഇടമലയാറില്‍ 147.58 മീറ്റര്‍, കക്കി ആനത്തോട് ഡാമില്‍ 961.09 മീറ്റര്‍, ബാണാസുര സാഗറില്‍ 767.25 മീറ്റര്‍, മാട്ടുപ്പെട്ടിയില്‍ 1567 മീറ്റര്‍, ആനയിറങ്കല്‍ ഡാമില്‍ 1196.27 മീറ്റര്‍ അങ്ങനെ കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തിലുള്ള 18 ഡാമുകളിലെയും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 20 ശതമാനത്തിലേറെ വെള്ളം കുറവാണ്. വരും ദിവസങ്ങളിലും മഴ കനക്കുമെന്ന് ഉറപ്പിക്കുമ്പോള്‍ വൈദ്യുതോല്‍പാദനം പരമാവധിയിലേക്ക് എത്തിക്കാനാവും. 

ചെറിയ സംഭരണ ശേഷിയുള്ള ഡാമുകളാണ് റെഡ് അലേര്‍ട്ട് പരിധിയില്‍പ്പെടുത്തി തുറന്ന് വിട്ടിരിക്കുന്നതെന്ന് കെ.എസ്.ഇ.ബി. വേനല്‍ കനക്കുന്ന മാസത്തേക്കുള്ള കരുതല്‍ വെള്ളം കിട്ടുമെന്ന് ഉറപ്പിച്ചാല്‍ നിലവിലെ വൈദ്യുതി പ്രതിസന്ധിയൊഴിയും.  

ENGLISH SUMMARY:

Kerala power crisis is easing as KSEB reports improved water levels in dams despite concerns over heavy rainfall. Water levels have significantly risen in 18 dams under KSEB, offering relief from the electricity shortage experienced over the past month.