പത്തനംതിട്ടയിൽ കനത്ത മഴ തുടരുകയാണ്. ശബരിമല വനമേഖലയിൽ അടക്കം രാത്രിമുതല്‍ പെരുമഴ പെയ്യുകയാണ്. പമ്പ ത്രിവേണിയില്‍ വെള്ളം പാലത്തില്‍ത്തൊട്ടു. തിരുവല്ല ടൗണിന്റെ പല ഭാഗങ്ങളിലും വെള്ളം കയറി. റാന്നിയില്‍ താഴ്ന്ന റോഡുകള്‍ വെള്ളത്തിനടിയിലായി. എം.സി റോഡില്‍ തിരുമൂലപുരത്ത് വെള്ളം കയറി. ആറന്മുളയില്‍ വീടുകളില്‍ വെള്ളം കയറി. കക്കാട്ടാർ കരകവിയുന്ന നിലയിലാണ്. മൂഴിയാര്‍ അണക്കെട്ട് തുറന്നേക്കും. അപ്പര്‍കുട്ടനാട്ടില്‍ ആളുകളെ മാറ്റുന്നു
കോട്ടയത്ത് മലയോരമേഖലയില്‍ രാത്രി ശക്തമായ മഴ പെയ്തു. മീനച്ചിലാറ്റിലും മണിമലയാറ്റിലും വെള്ളമുയര്‍ന്നു. പാലാ–ഈരാറ്റുപേട്ട റോഡില്‍ രണ്ടിടത്ത് വെള്ളം കയറി. ഭരണങ്ങാനം പൈക റോഡിലും വെള്ളമുയര്‍ന്നു. പനയ്ക്കപ്പാലം ഭാഗത്തും വെള്ളം ഉയരുന്നു. പാലാ നഗരത്തില്‍ കൊട്ടാരമറ്റത്ത് വെള്ളം കയറി. കോട്ടയം നഗരസമീപത്തെ ഇല്ലിക്കല്‍, താഴത്തങ്ങാടി പ്രദേശങ്ങളും വെള്ളക്കെട്ടിലായി.
കനത്തമഴയിൽ കുട്ടനാട്ടിൽ മങ്കൊമ്പ്, പുളിങ്കുന്ന്, കൈനകരി, കാവാലം തുടുങ്ങിയ സ്ഥലങ്ങളിൽ വീടുകളിൽ വെള്ളം കയറി. വീടുകളിൽ നിന്ന് ആളുകൾ ബന്ധുവീടുകളിലേക്കും മറ്റിടങ്ങളിലേക്കും മാറി തുടങ്ങി. വാഹനങ്ങൾ ഉൾപ്പെടെ റോഡരികിലേക്ക് മാറ്റിഇട്ടിരിക്കുകയാണ്. ഗതാഗതം ഭാഗീകമായി തടസപ്പെട്ടു.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ രാത്രി തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ അടുത്ത മണിക്കൂറുകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനം വിലക്കി. തിരുവനന്തപുരത്ത് മുതലപ്പൊഴിയിലും വിഴിഞ്ഞത്തുമായി തിരയിൽപ്പെട്ട് കാണാതായ രണ്ടുപേർക്കായി തിരച്ചിൽ തുടരുന്നു. അഞ്ചുതെങ്ങ് സ്വദേശി ഷിജിൻ , വിഴിഞ്ഞം സ്വദേശി ജോൺ എന്നിവരെയാണ് കണ്ടെത്താനുള്ളത്.