ഒരു പഞ്ചായത്ത് മെംബറുടെ ഫോൺ റിങ് ചെയ്യുമ്പോൾ സാധാരണ ഗതിയിൽ അത് എന്തിനാകാം. ഒരു പരാതിയാകാം, നിവേദനമാകാം, എന്നാൽ തൃശൂർ അടാട്ട് പഞ്ചായത്തിലെ പതിനേഴാം വാർഡ് മെമ്പർ ജിനോയ്ക്ക് വരുന്ന കോളുകൾ പലപ്പോഴും മറ്റൊരു എമര്‍ജന്‍സി സര്‍വീസിനാണ്.
തേനീച്ച കൂടു തേടിയുള്ള ഒരു മെമ്പറുടെ യാത്ര.പഞ്ചായത്ത് അംഗം എന്നത് മുഴുവൻ സമയ ജോലിയാണ് യോഗങ്ങൾ, ഫയലുകൾ, വാർഡിലെ ഓരോ വീട്ടുകാരുടെയും പ്രശ്നങ്ങൾ. പക്ഷേ ഇതിനെല്ലാം കിട്ടുന്നത് സിറ്റിങ് ഫീസ് മാത്രം. ഒരു മാസത്തെ ജീവിതത്തിന് തികയാത്ത തുക. അതിനിടയിലാണ് ഈ മെമ്പർ, സ്വന്തം ജോലിയും സമയവും മാറ്റിവച്ച് തേനീച്ച കൂടുകൾ നീക്കം ചെയ്യാൻ ഇറങ്ങുന്നത് അതും ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ.
ഒരു സ്വകാര്യ പെസ്റ്റ് കൺട്രോൾ ടീമിനെ വിളിച്ചാൽ ഒരു കൂട് നീക്കാൻ മാത്രം ആയിരങ്ങൾ ചെലവാകും. ജിനോ ജേക്കബ് ഇതുവരെ നീക്കിയത് 50ലധികം കൂടുകൾ.അങ്ങനെ സ്വന്തം സമയവും അധ്വാനവും ചെലവഴിച്ച് നാട്ടുകാർക്ക് ലക്ഷങ്ങളാണ് ലാഭിച്ചുകൊടുത്തത്. ഇതെല്ലാം ഒരു മനുഷ്യന്റെ "അധിക ജോലി"യുടെ ഫലങ്ങളാണ്. അപകടം വരുമ്പോൾ ആദ്യം ഓർക്കുന്ന പേര് എന്ന അംഗീകാരമാണ് ഈ മെംബറുടെ യഥാർത്ഥ വേതനം.