തിരുവനന്തപുരത്ത് കടലാക്രമണം രൂക്ഷം. മുതലപ്പൊഴിയിലും വിഴിഞ്ഞത്തും തിരയില്‍പ്പെട്ട മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുന്നു. രക്ഷാപ്രവര്‍ത്തനം വൈകുന്നതില്‍ മത്സ്യത്തൊഴിലാളികള്‍ വന്‍ പ്രതിഷേധമുയര്‍ത്തി. കല്ലാര്‍ പൊന്മുടി റോഡില്‍ മണ്ണിടിഞ്ഞു. അരുവിക്കര, നെയ്യാര്‍ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. 

ഇന്നലെ രാത്രി തുടങ്ങിയ മഴയില്‍ ദുരിതത്തിലാണ് തിരുവനന്തപുരം ജില്ലയുടെ മലയോര പ്രദേശങ്ങളും തീരവും. മുതലപ്പൊഴിയില്‍ മത്സ്യബന്ധനത്തിന് പോയ വളളം മറിഞ്ഞുണ്ടായ അപകടത്തില്‍ പരുക്കേറ്റ മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അഞ്ചുതെങ്ങ് സ്വദേശികളായ ഷിജിന്‍ , ഫ്രീമോന്‍ എന്നിവരാണ് കടലില്‍ മറഞ്ഞത്.  കാലതാമസം ചൂണ്ടിക്കാണിച്ച് ബന്ധുക്കള്‍ വന്‍ പ്രതിഷേധം ഉയര്‍ത്തി. തിരച്ചിലിന് നേവിയുടെ സഹായം തേടി. വിഴിഞ്ഞത്ത് വളളം മറിഞ്ഞുണ്ടായ അപടത്തില്‍  ഒരാളെ കാണാനില്ല. പുല്ലുവിള സ്വദേശി ജോണി മത്യാസിനായാണ് തിരച്ചില്‍.  മറ്റ് നാലുപേരെ രക്ഷപെടുത്തി. വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ ആറുപേര്‍ കൂടി മടങ്ങി വരാനുണ്ട്. 

​കല്ലാര്‍ – പൊന്മുടി റോഡില്‍ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിനു സമീപവും മണ്ണിടിഞ്ഞു. ആദിവാസി മേഖലകളിലേയ്ക്കുളള ഗതാഗതം തടസപ്പെട്ടു. വാമനപുരം നദിയിലെ പൊന്നാംചുണ്ട് പാലം മുങ്ങി. പൊന്മുടി, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍  അടച്ചു. മാറനല്ലൂര്‍ മലവിള പാലത്തിന്‍റെ ബണ്ട് റോഡിന്‍റെ ഒരു ഭാഗം ഇടിഞ്ഞു. റോഡ് താല്‍ക്കാലികമായി അടച്ചു. നെയ്യാര്‍ , അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി.

Thiruvananthapuram Battles Coastal Erosion and Heavy Rains:

Thiruvananthapuram is facing severe coastal erosion and heavy rains, leading to multiple fishing boat accidents and the disappearance of three fishermen. Rescue operations are underway with naval assistance, while residents protest delays, and authorities have raised dam shutters, issuing warnings