heavy-rain-red-alert-imd
  • അതിതീവ്ര മഴ അപകടങ്ങള്‍ക്കിടയാക്കുമെന്നും മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാകുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ കേന്ദ്രം

അതിശക്തമായ മഴ നാളെയും സംസ്ഥാനത്ത് തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കാസര്‍കോട്, കണ്ണൂര്‍ , കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ,  എറണാകുളം,  ഇടുക്കി, കോട്ടയം, പത്തനംതിട്ട,  ജില്ലകളിൽ  ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ   കാറ്റിനും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. 

ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്  എന്നീ  ജില്ലകളില്‍ റെഡ് അലര്‍ട്ട് നിലവിലുണ്ട്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ പെയ്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്  എന്നിവിടങ്ങളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളം -കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മല്‍സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.

വയനാട് ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സുരക്ഷ മുന്‍നിര്‍ത്തി മേപ്പാടിയിലെ കള്ളാടി ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ബോയ്‌സ് ടൗണ്‍–പാല്‍ച്ചുരം റോഡില്‍ ഇന്ന് വൈകിട്ട് 6 മണി മുതല്‍ നാളെ രാവിലെ 6 മണി വരെയും രാത്രിയാത്ര നിരോധനം ഏര്‍പ്പെടുത്തി. 

അതിതീവ്ര മഴ അപകടങ്ങള്‍ക്കിടയാക്കുമെന്നും മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാകുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

The India Meteorological Department has issued a red alert for nine districts in Kerala due to continuous heavy rainfall, warning of potential flash floods, landslides, and strong winds reaching up to 50 km/h. Pathanamthitta, Kottayam, Idukki, Thrissur, Malappuram, Kozhikode, Wayanad, Kannur, and Kasaragod are currently under the highest level of warning, with expected rainfall exceeding 204.4 mm within 24 hours. Authorities have implemented night travel bans and restricted traffic in vulnerable areas like Meppadi in Wayanad, while a fishing ban remains in effect along the Kerala-Karnataka-Lakshadweep coasts.