ചൂരല്‍മല– മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരിത ബാധിതരുടെ വായ്പകൾ എഴുതിത്തള്ളുമെന്ന വാക്ക് പാലിക്കാതെ ജില്ലാ ഭരണകൂടം
ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായിട്ട് ഇന്നേക്ക് രണ്ടു വർഷം തികയുന്നു. എന്നിട്ടും ദുരിബാധിതരെ കൈ പിടിച്ചു കയറ്റാൻ അല്ല വീണ്ടും ദുരിതക്കയത്തിലേക്ക് തള്ളിവിടാൻ ആണ് ജില്ലാ ഭരണകൂടത്തിന് താൽപ്പര്യം. ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളുമെന്ന സർക്കാർ പ്രഖ്യാപനം പാളി. വായ്പ തുക എൽഡിഎഫ് സർക്കാർ കൈമാറി മാസങ്ങൾ കഴിഞ്ഞിട്ടും ഉത്തരവ് നടപ്പാക്കാതെ ഇരുട്ടിൽ തപ്പുകയാണ് വയനാട് ജില്ലാ ഭരണകൂടം.
കഴിഞ്ഞ ജനുവരി 28നാണ് ദുരിത ബാധിതരുടെ വായ്പ കുടിശിക ഏറ്റെടുക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. തൊട്ടടുത്ത ദിവസം തന്നെ 2024 ജൂലൈ 30 വരെയുള്ള മുഴുവൻ വായ്പാത്തുകയും സർക്കാർ ഏറ്റെടുത്തു. ഇതിനായി 18.75 കോടി രൂപ മുൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദിച്ച് അന്നുതന്നെ കലക്ടറുടെ അക്കൗണ്ടിലേക്ക് കൈമാറുകയും ചെയ്തു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ഒരാളുടെ പോലും കടം എഴുതിത്തള്ളാൻ ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല.
ഇക്കാര്യത്തിൽ ദുരിത ബാധിതർക്കിടയിൽ അതൃപ്തി പുകഞ്ഞതോടെ ജൂൺ 8 മുതൽ 11 വരെ ജില്ലാ ഭരണകൂടം അദാലത്തിന് വിളിച്ചു. എന്നാല്‍ അതിലും തീരുമാനം ഉണ്ടായില്ല. വായ്പകൾ മുടങ്ങിയതോടെ ബാങ്കുകൾ നോട്ടിസുകൾ അയക്കാനും ദുരിതബാധിതരെ നിരന്തരം ഫോണിലൂടെ ശല്യം ചെയ്യാനും തുടങ്ങി.
ഉരുൾപൊട്ടൽ ദുരന്തമേഖലയിലെ 555 ഗുണഭോക്താക്കളുടെ 1620 വായ്പകൾ എഴുതിത്തള്ളാനായിരുന്നു സംസ്ഥാന സർക്കാർ തീരുമാനം. നിലവിൽ പാസാക്കിയ തുക കൊണ്ടു വായ്പകൾ പൂർണമായും എഴുതിത്തള്ളാനാകില്ലെന്നാണ് ജില്ലാ കലക്ടറുടെ വിശദീകരണം. ഇക്കാര്യത്തിൽ ഇടപെടാൻ പുതിയ യുഡിഎഫ് സർക്കാരും വലിയ താൽപ്പര്യം കാട്ടുന്നില്ല.
ENGLISH SUMMARY:
Marking two years since the Wayanad landslide disaster, survivors face continued distress as the district administration has allegedly failed to implement the state government's decision to write off loans for affected families. Although the cabinet decided on January 28 to absorb loan dues up to July 30, 2024, and transferred 18.75 crore rupees from the Chief Minister's Distress Relief Fund to the collector's account the very next day, months have passed without a single loan being cleared, leaving survivors troubled by bank notices and calls. While the administration held an inconclusive adalat from June 8 to 11 and the district collector claims the allocated funds are insufficient to cover all 1,620 loans of the 555 beneficiaries, the newly formed UDF government has also reportedly shown little interest in resolving the issue.