വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച പുതിയ നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി വാഹന ഉടമകളിൽ നിന്ന് ജനാഭിപ്രായം തേടി മോട്ടോർ വാഹന വകുപ്പ്. യു.ഡി.എഫ്. സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ വാഹന മോഡിഫിക്കേഷൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെല്ലാം മാറ്റങ്ങൾ അനുവദിക്കണമെന്നതും, അതിനുള്ള മാനദണ്ഡങ്ങളും നിശ്ചയിക്കുന്നതിനായാണ് ഓൺലൈൻ സർവേ ആരംഭിച്ചിരിക്കുന്നത്.
ഗൂഗിൾ ഫോം വഴിയുള്ള സർവേ, മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. സർവേയിൽ പങ്കെടുക്കുന്നവർ വ്യക്തിവിവരങ്ങൾ രേഖപ്പെടുത്തിയ ശേഷം തങ്ങൾ ആഗ്രഹിക്കുന്ന വാഹന മോഡിഫിക്കേഷനുകളെക്കുറിച്ച് അഭിപ്രായം അറിയിക്കാം.
വാഹനത്തിന്റെ ബോഡിയിലെ മാറ്റങ്ങൾ, എൻജിൻ മോഡിഫിക്കേഷൻ, ബ്രേക്ക് സിസ്റ്റത്തിലെ മാറ്റങ്ങൾ, അധിക ലൈറ്റുകൾ, ഓഡിയോ സംവിധാനങ്ങൾ തുടങ്ങി ഒൻപത് വിഭാഗങ്ങളിലായാണ് അഭിപ്രായം തേടുന്നത്. പട്ടികയിൽ ഉൾപ്പെടാത്ത മറ്റ് നിർദേശങ്ങളും പങ്കുവെയ്ക്കാൻ അവസരമുണ്ട്.
മോഡിഫിക്കേഷൻ ഏത് തരത്തിലുള്ള റോഡുകളിൽ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും, ഇത്തരം മാറ്റങ്ങൾ വാഹനത്തിന്റെ സുരക്ഷയെയോ ഇൻഷുറൻസ് പരിരക്ഷയെയോ ബാധിക്കുമോയെന്നതടക്കമുള്ള ചോദ്യങ്ങൾക്കും സർവേയിൽ മറുപടി നൽകേണ്ടതുണ്ട്.
മോഡിഫിക്കേഷൻ അനുവദിക്കുന്നതിന് പ്രത്യേക ഫീസ് ഈടാക്കുന്നതിനെക്കുറിച്ചും അതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തുന്നതിനെക്കുറിച്ചും വാഹന ഉടമകളുടെ അഭിപ്രായം വകുപ്പ് തേടുന്നുണ്ട്.
ഇന്ന് മുതൽ പത്ത് ദിവസത്തേയ്ക്കാണ് സർവേ തുറന്നിരിക്കുന്നത്. സർവേയിൽ ലഭിക്കുന്ന നിർദേശങ്ങളും അഭിപ്രായങ്ങളും പരിശോധിച്ച ശേഷം ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിലുള്ള സമിതി ശുപാർശ തയ്യാറാക്കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനത്തെ വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച അന്തിമ മാർഗനിർദേശങ്ങളും സർക്കാർ ഉത്തരവും പുറത്തിറക്കുക.