nhroadaccident

പുതിയ ദേശീയപാതയുടെ നിർമാണം പൂർത്തിയായ ഭാഗങ്ങളിൽ യാത്രാസൗകര്യം വർധിച്ചെങ്കിലും അപകടങ്ങളും ആശങ്കാജനകമായി ഉയരുന്നു. പ്രത്യേകിച്ച് മഴക്കാലത്ത് അമിതവേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ നിയന്ത്രണംവിട്ട് തെന്നിമാറി അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ ദിവസേന റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. അപകടങ്ങൾ വർധിച്ചിട്ടും ദേശീയപാത അതോറിറ്റിയുടെയും മോട്ടോർ വാഹന വകുപ്പിന്റെയും ഭാഗത്ത് നിന്ന് ഫലപ്രദമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന വിമർശനം ശക്തമാകുന്നു.

ദേശീയപാതയിൽ അനുവദിച്ചിരിക്കുന്ന 80 കിലോമീറ്റർ വേഗപരിധി ഭൂരിഭാഗം വാഹനങ്ങളും പാലിക്കുന്നില്ല. രാത്രികാലങ്ങളിൽ ഗതാഗതക്കുരുക്ക് കുറയുന്നതോടെ അമിതവേഗം കൂടുതൽ രൂക്ഷമാകുന്നതായും ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നു. മഴവെള്ളം കെട്ടിക്കിടക്കുന്ന ഭാഗങ്ങളിൽ ഉയർന്ന വേഗത്തിൽ ബ്രേക്ക് ചെയ്യുമ്പോൾ വാഹനങ്ങൾ നിയന്ത്രണംവിട്ട് തെന്നിമാറുന്നതാണ് പ്രധാന അപകടകാരണം.

അടുത്തിടെ മഴവെള്ളത്തിൽ തെന്നിമാറിയ കാർ ഡിവൈഡറിൽ ഇടിച്ച് പലതവണ മറിയുന്ന അപകടത്തിലും ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഗുരുതര പരിക്കുകളോ മരണങ്ങളോ സംഭവിക്കാത്തതിനാൽ ഇത്തരം അപകടങ്ങൾ പലപ്പോഴും അധികൃതരുടെ ശ്രദ്ധയിൽ പോലുംപ്പെടുന്നില്ലെന്നാണ് പരാതി.

മഴക്കാലത്ത് അപകടസാധ്യതയുള്ള മേഖലകൾ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് സംവിധാനങ്ങൾ, വേഗനിയന്ത്രണ ക്യാമറകൾ, കർശന എൻഫോഴ്സ്മെന്റ് എന്നിവ അടിയന്തരമായി നടപ്പാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. അപകടങ്ങളുടെ എണ്ണം വർധിച്ചിട്ടും സർക്കാർ തലത്തിൽ കാര്യമായ ഇടപെടൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.

new-highway-accidents:

New national highways in Kerala are experiencing increased travel convenience but also a concerning rise in accidents, particularly during the monsoon season. Despite the surge in accidents and widespread disregard for speed limits, there is a lack of effective intervention from highway authorities and the motor vehicles department.