kerala-police-organization

കേരള പൊലീസിലെ സംഘടനാ ഘടനയിൽ സർക്കാർ വരുത്തിയ മാറ്റത്തിനെതിരെ നിലവിലുള്ള പൊലീസ് സംഘടനകൾ ഹൈക്കോടതിയെ സമീപിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളെ കാലാവധി തീരുന്നതിന് മുന്‍പ് പിരിച്ചുവിട്ട നടപടി നിയമവിരുദ്ധമാണെന്നും സംഘടനകളുടെ ബൈലോ ലംഘിച്ചാണ് സർക്കാർ തീരുമാനം എടുത്തതെന്നുമാണ് പ്രധാന ആരോപണം.

സിവിൽ പൊലീസ് ഓഫീസർ മുതൽ ഐ.പി.എസ് അല്ലാത്ത എസ്.പി വരെ ഉൾപ്പെടുന്ന മൂന്ന് സംഘടനകളായിരുന്നു ഇതുവരെ പ്രവർത്തിച്ചിരുന്നത്. പുതിയ ഉത്തരവുപ്രകാരം ഇത് രണ്ടായി ചുരുക്കി. സിവിൽ പൊലീസ് ഓഫീസർ മുതൽ ഗ്രേഡ് എസ്.ഐ വരെ ഉൾപ്പെടുന്ന പൊലീസ് അസോസിയേഷനും, എസ്.ഐ മുതൽ ഐ.പി.എസ് അല്ലാത്ത എസ്.പി വരെ ഉൾപ്പെടുന്ന സീനിയർ ഓഫീസേഴ്സ് അസോസിയേഷനും മാത്രമാകും ഇനി പ്രവർത്തിക്കുക. ഇതോടെ എസ്.ഐ മുതൽ സി.ഐ വരെ ഉണ്ടായിരുന്ന ഓഫീസേഴ്സ് അസോസിയേഷൻ ഇല്ലാതാകും.

സംഘടനയുടെ ഘടനയിൽ മാറ്റം വരുത്തുന്നതിന് പൊതുയോഗം വിളിച്ച് ബൈലോ ഭേദഗതി ചെയ്യണമെന്ന ചട്ടം സർക്കാർ പാലിച്ചില്ലെന്നാണ് ഓഫീസേഴ്സ് അസോസിയേഷന്റെ ആരോപണം. മുന്നറിയിപ്പില്ലാതെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ പിരിച്ചുവിട്ടതും നിയമവിരുദ്ധമാണെന്ന് സംഘടനാ നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

അതേസമയം, നടപടിയിൽ അസ്വാഭാവികമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിശദീകരണം. യൂണിഫോം സർവീസായതിനാൽ പൊലീസ് സംഘടനകളുടെ ഘടനയും ബൈലോയും നിശ്ചയിക്കാനുള്ള അധികാരം സർക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ മൂന്ന് പൊലീസ് സംഘടനകളുടെയും ഭരണസമിതികൾ ഇടത് അനുകൂല വിഭാഗങ്ങളുടെ നിയന്ത്രണത്തിലാണ്. അവയ്ക്ക് ഒരു വർഷത്തെ കാലാവധി കൂടി ശേഷിക്കെ സർക്കാർ ഇടപെട്ടത്, തെരഞ്ഞെടുപ്പിനായി കാത്തുനിൽക്കാതെ യു.ഡി.എഫ് അനുകൂല സംഘടനയ്ക്ക് ഭരണം പിടിക്കാനുള്ള രാഷ്ട്രീയ നീക്കമാണെന്ന ആരോപണവും ശക്തമാകുന്നുണ്ട്. ഹൈക്കോടതിയുടെ നിലപാട് നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

Police Organization:

Kerala police organization structure changes have led existing police organizations to approach the High Court. The primary accusation is that the government's decision to dissolve elected committees before their term ended is illegal and violates the organizations' bylaws.