തമിഴ്നാട്ടിൽ നിന്നുള്ള പാറ ഉൽപ്പന്നങ്ങളുടെ വരവ് തടസപ്പെടുന്നതോടെ കേരളത്തിലെ നിർമാണമേഖല കടുത്ത പ്രതിസന്ധിയിലേയ്ക്ക്. ദേശീയപാത വികസനം, വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണം, പൊതുമരാമത്ത് പദ്ധതികൾ, ഭവനനിർമാണം തുടങ്ങി സംസ്ഥാനത്തെ പ്രധാന വികസനപ്രവർത്തനങ്ങളെ ഇത് ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

പരിസ്ഥിതി നിയന്ത്രണങ്ങളും ജനകീയ പ്രതിഷേധങ്ങളും മൂലം കേരളത്തിലെ ഭൂരിഭാഗം ക്വാറികളും പ്രവർത്തനരഹിതമായ സാഹചര്യത്തിലാണ് തമിഴ്നാട്ടിലെ നിയന്ത്രണം തിരിച്ചടിയാകുന്നത്. ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളിയുടെ വാക്കുകളിൽ, കേരളത്തിൽ ഉപയോഗിക്കുന്ന പാറ ഉൽപ്പന്നങ്ങളുടെ ഏകദേശം 40 ശതമാനവും തമിഴ്നാട്ടിൽ നിന്നാണ് എത്തുന്നത്. ഒരുകാലത്ത് സംസ്ഥാനത്ത് 3,000-ത്തിലധികം പാറമടകൾ പ്രവർത്തിച്ചിരുന്നെങ്കിൽ ഇന്ന് പ്രവർത്തിക്കുന്നത് ഏകദേശം 300 എണ്ണം മാത്രമാണ്.

വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണത്തിന് ആവശ്യമായ വലിയ പാറകൾ, മെറ്റൽ, പാറപ്പൊടി എന്നിവയും പ്രധാനമായും തമിഴ്നാട്ടിൽ നിന്നാണ് എത്തുന്നത്. ദേശീയപാത നിർമ്മാണം, പൊതുമരാമത്ത് റോഡ്-കെട്ടിട പദ്ധതികൾ എന്നിവയും ഇതോടെ പ്രതിസന്ധിയിലാകും.

തിരുവനന്തപുരം, പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിലെ ഭവനനിർമാണ മേഖലയും തമിഴ്നാട്ടിലെ ക്വാറി ഉൽപ്പന്നങ്ങളെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. നിലവിൽ കേരളത്തിലെ പ്രവർത്തിക്കുന്ന പാറമടകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഈ മേഖലകളിലേയ്ക്ക് തിരിച്ചുവിടേണ്ടിവരുന്നതോടെ സംസ്ഥാനവ്യാപകമായി ലഭ്യതക്കുറവും വിലക്കയറ്റവും ഉണ്ടാകുമെന്ന ആശങ്ക നിർമാണരംഗം പങ്കുവെയ്ക്കുന്നു.

kerala-construction-crisis-tamil-nadu-stone:

The construction sector in Kerala is facing a severe crisis due to the disruption of stone product supplies from Tamil Nadu. This situation significantly impacts major development projects like national highway expansion, Vizhinjam port's second phase, public works, and housing construction across the state.