ആര്‍സിസി മള്‍ട്ടി സൂപ്പര്‍ സ്പെഷ്യാലിറ്റി കെട്ടിടത്തിന്‍റെ പണി സമയബന്ധിതമായി പൂര്‍ത്തിയാക്കാത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ പൂട്ടാന്‍ ആരോഗ്യവകുപ്പ്. സെപ്തംബര്‍ 30നകം കെട്ടിടം പൂര്‍ണസജ്ജമായില്ലെങ്കില്‍ കമ്പനിയെ കരിമ്പട്ടികയില്‍പെടുത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയില്‍ മുന്‍ സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്‍റെ 14ല്‍ 11 നിലയുടെയും പണി പൂര്‍ത്തിയായിട്ടില്ല.
ക്യാന്‍സര്‍ ചികില്‍സയ്ക്കുള്ള അത്യാധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന കെട്ടിടം കഴിഞ്ഞ ഫെബ്രുവരിയിലാണ് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തത്. 242 കോടി രൂപ ചിലവില്‍ നിര്‍മിച്ച കെട്ടിടത്തില്‍ ന്യൂതന റേഡിയോ തെറാപ്പി മെഷീന്‍, അയഡിന്‍ തെറാപ്പി വാര്‍ഡുകള്‍, ന്യൂക്ലിയാര്‍ മെഡിസിന്‍ വിഭാഗം, ബോണ്‍മാരോ ട്രാന്‍സ്പ്ലാന്‍റ് യൂണിറ്റ് എന്നിങ്ങനെ പദ്ധതികള്‍ നിരവധിയുണ്ടായിരുന്നു. പക്ഷേ ഉദ്ഘാടനം കഴിഞ്ഞ് അഞ്ചുമാസങ്ങള്‍ക്കിപ്പുറവും കെട്ടിടം അസ്ഥികൂടം മാത്രം.
14 നിലകളുള്ള കെട്ടിടത്തില്‍ പൂര്‍ത്തിയായത് ഗ്രൗണ്ട് ഫ്ലോറുള്‍പ്പെടെ മൂന്നുനിലകള്‍ മാത്രം. ഒന്നിലും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. മെയ് 28നകം ആശുപത്രി കെട്ടിടം പൂര്‍ണസജ്ജമാക്കണമെന്ന് സര്‍ക്കാര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് കര്‍ശനനിര്‍ദേശം നല്‍കിയിട്ടും പാലിക്കപ്പെട്ടില്ല. ആര്‍സിസി സന്ദര്‍ശിച്ച ആരോഗ്യമന്ത്രി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ രൂക്ഷമായി വിമര്‍ശിച്ചു.
പുതിയ ആശുപത്രിക്കായി വാങ്ങിയ ന്യൂതന ഉപകരണങ്ങളില്‍ പലതിന്‍റെയും പെട്ടി പോലും പൊട്ടിച്ചിട്ടില്ല. ഉപയോഗിക്കാതെ ഉപകരണങ്ങള്‍ നശിച്ചുപോകാനും സാധ്യതയേറെ. നിരവധി ക്യാന്‍സര്‍ രോഗികള്‍ ആശ്രയിക്കുന്ന ആര്‍സിസിയില്‍ സൗകര്യങ്ങളുടെ പരിമിതി മൂലം ടെസ്റ്റുകളും ചികില്‍സയും വൈകുന്നുണ്ട്. പുതിയ കെട്ടിടം പൂര്‍ണമായാല്‍ ഈ തടസ്സം മാറും. അതേസമയം മുന്‍ വര്‍ഷങ്ങളില്‍ ഫണ്ട് മുടങ്ങിയതാണ് കെട്ടിടത്തിന്‍റെ പണി വൈകാന്‍ കാരണമെന്നാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ വിശദീകരണം.