Untitled design - 1

TOPICS COVERED

മികച്ച അധ്യാപകനുള്ള ‘ഗുരുശ്രേഷ്ഠ അധ്യാപക അവാർഡ്’ ജേതാവും പരിസ്ഥിതി പ്രവർത്തകനുമായ മുക്കം കാരശ്ശേരി കറുത്തപമ്പ് തമ്പിൽ വീട്ടിൽ സലാം നടുക്കണ്ടി (78) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കബറടക്കം ചൊവ്വാഴ്ച വൈകിട്ട് 5.30 ന് കാരശ്ശേരി ജുമാമസ്ജിദ് കബർസ്ഥാനിൽ നടക്കും. 

ഭാഷാ പണ്ഡിതനും സാഹിത്യകാരനും സാമൂഹിക നിരീക്ഷകനുമായ എം.എൻ. കാരശ്ശേരിയുടെ സഹോദരനാണ് അന്തരിച്ച സലാം നടുക്കണ്ടി. ഇരുവഞ്ഞിപ്പുഴ സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിത്തം വഹിച്ച സലാം നടുക്കണ്ടി പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. കാരശ്ശേരി യുപി സ്കൂൾ നിന്നുള്ള പ്രാഥമിക പഠനത്തിനുശേഷം ജെഡിടി സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. മുക്കം ടിടിഐയിൽ നിന്നും അധ്യാപക യോഗ്യത നേടി. മുക്കം മുസ്‌ലിം ഓർഫനേജ് സ്കൂൾ, മുട്ടിൽ ഓർഫനേജ് സ്കൂൾ, ചേന്ദമംഗലൂർ യുപി സ്കൂൾ, മാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. കല്ലായി ഗവൺമെന്റ് യുപി സ്കൂളിൽ പ്രധാന അധ്യാപകൻ ആയാണ് അദ്ദേഹം വിരമിച്ചത്.

മുക്കത്തെ മൈക്കോ വോളി ടൂർണമെന്റിന്റെ അനൗൺസറെന്ന നിലയിലും ശ്രദ്ധേയനായി. സംസ്ഥാന, സ്കൂൾ മേളകൾ ഉൾപ്പെടെ ഒട്ടേറെ കായിക വേദികളിലും അനൗൺസറായിരുന്നു. ‘രഹസ്യം’ എന്ന പേരിൽ പരസ്യ ഏജൻസിയും നടത്തിയിരുന്നു. മാലിന്യരഹിത മുക്കം പദ്ധതിയുടെ കോഓർഡിനേറ്റർ ആയിരുന്നു. 

 

കെഎസ്‌എസ്‌പിയു പഞ്ചായത്ത് കമ്മിറ്റി അംഗം, ഇരുവഞ്ഞിപ്പുഴ സംരക്ഷണ സമിതി ചെയർമാൻ, മുക്കം വികസന സമിതി കൺവീനർ, കേരള ഗവൺമെന്റ് ടീച്ചേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി,  മുക്കം പ്രസ് ഫോറം അംഗം, വികാസ് കറുത്തപറമ്പ് പ്രസിഡന്റ്, കാരശ്ശേരി യുപി സ്കൂൾ പൂർവ വിദ്യാർഥി സംഘടന സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. കാരശ്ശേരി എൻ.സി. മുഹമ്മദ് ഹാജിയുടെയും കെ.സി.ആയിഷ കുട്ടിയുടെയും മൂത്ത മകൻ ആയാണ് ജനനം.   ഭാര്യ; സക്കീന ചേന്ദമംഗലൂർ. ഡോ. സാഗർ സലാം (ഭംഗി ദന്താശുപത്രി, എടവണ്ണപ്പാറ), മാധ്യമം, ഇന്ത്യ വിഷൻ, മനോരമ ന്യൂസ് എന്നിവിടങ്ങളിലെ മുൻ മാധ്യമ പ്രവർത്തകൻ സാമിർ സലാം, ആയിഷക്കുട്ടി (ഖത്തർ) എന്നിവരാണ് മക്കൾ. മരുമക്കൾ: ഷമീർ മേത്തലയിൽ (ഖത്തർ), ഫാസിന (നടുവണ്ണൂർ), അമൽ (നിലമ്പൂർ). നടുക്കണ്ടി അബൂബക്കർ, ഉമ്മയ്യ കുട്ടി (പന്നിക്കോട്) എന്നിവരാണ് മറ്റു സഹോദരങ്ങൾ.  

ENGLISH SUMMARY:

Salam Nadukkandi, the recipient of the 'Guru Shrestha Teacher Award' and a dedicated environmental activist, has passed away at the age of 78. He was known for his contributions to environmental conservation and served as a teacher in various schools.