പബ്ലിസിറ്റി ആവശ്യമില്ലാത്ത അയ്യപ്പന്‍റെ പേരില്‍ ഇനിയൊരു അയ്യപ്പ സംഗമം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ.ജയകുമാര്‍. സംഗമത്തിന്‍റെ ചുമതലയുണ്ടായിരുന്ന കമ്പനിക്ക് കുറച്ച് പണം നല്‍കാനുണ്ടെങ്കിലും ബോര്‍ഡിന്‍റെ അക്കൗണ്ടില്‍ നിന്നും ഒരു രൂപ പോലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളെല്ലാം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചാണ് ദേവസ്വം ബോര്‍ഡ് തീര്‍ഥാടനകാലത്തിന് ഒരുങ്ങുന്നത്.
'അയ്യപ്പന് പബ്ലിസിറ്റിയുടെ ആവശ്യമില്ല. അതുകൊണ്ടുതന്നെ അങ്ങനെയൊരു സംഗമത്തിന് ഉദ്ദേശിക്കുന്നില്ല. സംഗമം നടത്തിയ കമ്പനിക്ക് കുറച്ച് തുക കൊടുക്കാനുണ്ട്. അത് ദേവസ്വം ബോര്‍ഡിന്‍റെ ഫണ്ടില്‍ നിന്നും അനുവദിക്കാനാവില്ല. സ്പോണ്‍സര്‍ഷിപ്പ് വകയില്‍ നിന്നും കിട്ടിയ തുക കുറച്ച് പൈസ കൂടി കൊടുക്കും' എന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നിലപാട്. പടിപൂജ ബുക്ക് ചെയ്ത് കാത്തിരിക്കുന്നവരെ നേരത്തെ പരിഗണിക്കാനും ക്രമക്കേട് ഒഴിവാക്കാനും പരിഷ്കരണം കൊണ്ടുവരാനും ബോര്‍ഡ് തീരുമാനിച്ചു. കാത്തിരിപ്പിന് പരിഹാരമായി പടിപൂജ ഒരുദിവസം അഞ്ചുപേര്‍ക്ക് വരെ അനുവദിക്കാനും തീരുമാനമായി. 2048 വരെ പടിപൂജ ബുക്കിങുണ്ട്.
സന്നിധാനത്തുള്ള 690 മുറികളില്‍ 550 എണ്ണം ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ തീര്‍ഥാടകര്‍ക്ക് അനുവദിക്കും. ഡെപ്പോസിറ്റ് തുക പൂര്‍ണമായും ഒഴിവാക്കി. ഡിജിറ്റല്‍ ഇടപാട് നടപ്പാക്കുന്നതോടെ മുന്‍കാലങ്ങളില്‍ ഉയര്‍ന്ന പല ആരോപണങ്ങള്‍ക്കും പരിഹാരമാവും. ശബരിമല തീര്‍ഥാടനത്തിന് തിരക്കൊഴിവാക്കാന്‍ എ.ഐ സംവിധാനം നടപ്പാക്കും. മുഴുവന്‍ നിര്‍മാണങ്ങളുടെയും ഗുണനിലവാരം പരിശോധിക്കാന്‍ മൂന്നംഗ വിദഗ്ധ സമതിയെ ചുമതലപ്പെടുത്തും. വാസ്തുവിദ്യാ ഗുരുകുലത്തിന്‍റെ മേല്‍നോട്ടത്തില്‍ സന്നിധാനത്ത് ശബരീതീര്‍ഥ കുളം പണിയും. ശബരിമല തീര്‍ഥാടനത്തിനിടെ മരിച്ച 51 സ്വാമിമാര്‍ക്ക് തീര്‍ഥാടകരില്‍ നിന്നും പിരിച്ചെടുത്ത ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ വീതം സഹായം അനുവദിക്കുമെന്നും കെ.ജയകുമാര്‍ അറിയിച്ചു.