canara-bank

TOPICS COVERED

വായ്പാ ആവശ്യത്തിന് ബാങ്കിലെത്തിയ കര്‍ഷകനോട് മോശമായി പെരുമാറിയ മാനേജര്‍ക്കെതിരെ അന്വേഷണം. കണ്ണൂര്‍ ചന്ദനക്കാംപാറയിലെ കാനറാ ബാങ്ക് മാനേജര്‍ കെ. ഷിനോജിനെതിരെയാണ് ബാങ്ക് അന്വേഷണം ആരംഭിച്ചത്. ഉദ്യോഗസ്ഥനെതിരെ വൈകാതെ നടപടിയെടുത്തേക്കുമെന്നാണ് സൂചന. 

കഴിഞ്ഞ ശനിയാഴ്ചയാണ് കര്‍ഷകനായ തങ്കച്ചനും ബാങ്ക് മാനേജര്‍ ഷിനോജും കൊമ്പുകോര്‍ത്തത്. കൂട്ടുകൃഷി നടത്തുന്നവര്‍ക്ക് നല്‍കുന്ന ജെഎല്‍ജി ലോണിനായാണ് തങ്കച്ചനെത്തിയത്. ലോണ്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. പിന്നെയത് വന്‍ വാക്പോരായി. ബാങ്ക് മാനേജര്‍ ആജ്ഞാപിക്കുന്ന രീതിയില്‍ കര്‍ഷകനോട് പെരുമാറി.

നാട്ടുകാരിലൊരാള്‍ ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ വൈറലായി. കാനറാ ബാങ്ക് റീജണല്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ ആഭ്യന്തര അന്വേഷണം തുടങ്ങി. ഇതിന്‍റെ ഭാഗമായി ഉദ്യോഗസ്ഥര്‍ ബാങ്കിലെത്തുകയും ചെയ്തു. തങ്കച്ചന് ലോണ്‍ ശരിയാക്കിത്തരാമെന്ന് ബാങ്ക് അധികൃതര്‍ ഉറപ്പുനല്‍കുകയും ചെയ്തു. ഇതോടെ തങ്കച്ചന്‍ പരാതിയില്ലെന്ന് അറിയിച്ചു. പക്ഷേ, ദൃശ്യം വൈറലായത് ബാങ്കിന് നാണക്കേടുണ്ടാക്കിയ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്നാണ് വിവരം. പ്രഥമദൃഷ്ട്യാ മാനേജറുടെ ഭാഗത്ത് വീഴ്ചയുണ്ടെന്നാണ് വിലയിരുത്തല്‍. 

ENGLISH SUMMARY:

Bank manager misconduct in Kerala is under investigation after a farmer reported being treated poorly while seeking a loan. This incident at a Canara Bank branch has led to an internal inquiry and potential action against the official.