ഇരുപത് ദിവസത്തിനിടെ നാല് തവണ പരിഷ്കരിച്ചിട്ടും അപാകത നീങ്ങാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ സ്ഥാനക്കയറ്റ, സ്ഥലംമാറ്റ ഉത്തരവ്. വിജിലന്‍സ് ക്ലിയറന്‍സിന്‍റെ പേരില്‍ പതിനഞ്ച് ദിവസമായി പതിനൊന്ന് ജീവനക്കാരാണ് കസേര തേടി വിവിധ ഓഫിസുകള്‍ കയറിയിറങ്ങുന്നത്. ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍മാരുടെ വിവരങ്ങള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനും ബോര്‍ഡിനായില്ല. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി വീണ്ടും പട്ടിക പരിഷ്കരിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം.
പട്ടികയെക്കുറിച്ച് തിരക്കിയവരോട് വൈകിയില്ലല്ലോയെന്ന വിശദീകരണം. പുതിയ സ്ഥലത്തേക്ക് പുറപ്പെടും മുന്‍പ് നിര്‍ദേശം വന്നു. പോകാന്‍ വരട്ടെ നിങ്ങള്‍ പോകേണ്ടത് മറ്റൊരിടത്തേക്കാണ്. അങ്ങനെ ഇരുപത് ദിവസത്തിനിടെ നാല് തവണയാണ് വെട്ടിയും, തിരുത്തിയും സ്ഥാനക്കയറ്റ, സ്ഥലംമാറ്റ പട്ടിക ഇറങ്ങിയത്. ചിലര്‍ക്ക് നിയമനം കിട്ടിയെങ്കിലും ഇരിപ്പിടം കിട്ടാത്ത സ്ഥിതിയാണ്. തിരുവനന്തപുരം, വൈക്കം സോണല്‍ വിജിലന്‍സ് യൂണിറ്റുകളുടെ തലപ്പത്തേക്ക് നിയമിച്ച ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് എസ്.പിയുടെ ക്ലിയറന്‍സ് കിട്ടാത്തതിനാല്‍ ഇതുവരെ സീറ്റുറപ്പിക്കാനായില്ല. വഴി ഇനിയും ക്ലിയറാവേണ്ടതുണ്ടെന്നാണ് എസ്.പിയുടെ നിലപാട്.
പത്തിടങ്ങളില്‍ നിയമനം നേടിയവര്‍ക്ക് വീണ്ടും പഴയ കസേരയിലേക്ക് പോകേണ്ടി വരുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു. ദേവസ്വം മന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള ഇടപെടല്‍, പ്രസിഡന്‍റിന്‍റെ കടുംപിടുത്തം, യൂണിയന്‍ ശുപാര്‍ശ അങ്ങനെ കാരണങ്ങള്‍ പലതുണ്ട്. ശബരിമല തീര്‍ഥാടന മുന്നൊരുക്കത്തിന്‍റെ ഭാഗമായി ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍മാരുടെ നിയമനമുണ്ടായെങ്കിലും കടലാസില്‍ മാത്രമാണ്. ഇവരുടെ പിഴവ് രഹിത സര്‍വീസ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് അനുകൂല അനുമതി നേടാനും ബോര്‍ഡിനായില്ല. ഇഷ്ടടക്കാര്‍ക്ക് വേണ്ടിയുള്ള വഴിയൊരുക്കലാണോ, മറ്റ് താല്‍പര്യങ്ങളുണ്ടോ എന്നതാണ് സംശയം. വിജിലന്‍സ് ക്ലിയറന്‍സ് കിട്ടാത്തവരെയും പ്രമുഖ ക്ഷേത്രങ്ങളില്‍ നിയമിച്ചെന്നും ചുമതലയില്ലാത്ത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കര്‍ക്കടക വാവുബലി അവലോകനം ചേര്‍ന്നതായും ആക്ഷേപമുണ്ട്.