kscdc

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിലെ പ്രോസിക്യൂഷൻ അനുമതി ഉത്തരവിൽ സർക്കാരിനെ വലിച്ചുകീറി ഹൈക്കോടതി. പ്രതികളെ സഹായിക്കാന്‍ സര്‍ക്കാര്‍ ജുഡീഷ്യറിയെ കരിവാരിത്തേച്ചെന്ന് ഹൈക്കോടതി വിമർശിച്ചു. കോടതി പറയാത്ത കാര്യം ഉള്‍പ്പെടുത്തി ഉത്തരവിറക്കിയ കശുവണ്ടി വകുപ്പ് സെക്രട്ടറി കെ.ബിജുവിനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാനും ഹൈക്കോടതി തീരുമാനമെടുത്തു. പ്രോസിക്യൂഷന്‍ അനുമതി നല്‍കാനുള്ള സര്‍ക്കാരിന്‍റെ അധികാരത്തില്‍ കോടതി കൈകടത്തുന്നത് ഗൗരവതരമായ പ്രശ്നമാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞു. 

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത് ഹൈക്കോടതി നിര്‍ദേശപ്രകാരമാണെന്ന ഒന്നാമത്തെ ഉത്തരവാണ് ജസ്റ്റിസ് എ. ബദറുദീനെ ചൊടിപ്പിച്ചത്. പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ എപ്പോഴാണ് ഉത്തരവിട്ടതെന്ന് ഹൈക്കോടതി ചോദിച്ചു. പ്രോസിക്യൂഷന്‍ അനുമതിക്കായുള്ള അപേക്ഷയില്‍ ഉചിതമായ തീരുമാനമെടുക്കാനാണ് നിര്‍ദേശിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ കോടതി നിര്‍ദേശപ്രകാരമാണ് അനുമതി നല്‍കുന്നതെന്ന് കൂട്ടിച്ചേര്‍ത്തു. ഇത് പ്രതികളെ സഹായിക്കാനാണെന്ന് കോടതി കുറ്റപ്പെടുത്തി.

കോടതിയെ കരുവാക്കി പ്രോസിക്യൂഷന്‍ അനുമതി ഉത്തരവിറക്കിയ ഉദ്യോഗസ്ഥര്‍ ജോലിയില്‍ തുടരാന്‍ യോഗ്യരല്ല. ഉത്തരവ് പ്രതിക്ക് നല്‍കിയത് എന്തിനാണ്. ആ ഉത്തരവുമായി പ്രതി കോടതിക്കെതിരെ വാര്‍ത്താസമ്മേളനം നടത്തി. ഉത്തരവ് മാധ്യമങ്ങള്‍ക്ക് കിട്ടിയശേഷമാണ് പിന്‍വലിച്ചത്. അത്തരമൊരു ഉത്തരവിറക്കിയതിന്‍റെ ഉദ്ദേശ്യം നടന്നെന്നും കോടതി പറഞ്ഞു. 'അവനവന്‍ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോള്‍ ഗുലുമാല്‍' എന്നുപറയുന്നതുപോലെയാണ് ഒടുവില്‍ ഇറക്കിയ ഉത്തരവെന്നും കോടതി വിമർശിച്ചു.

പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പുറത്തുവിട്ടത് കോടതിയലക്ഷ്യമാണ്. നീതിന്യായ വ്യവസ്ഥയ്ക്കുനേരെയുള്ള കടന്നാക്രമാണ് ഉണ്ടായത്. ഇത് അനാവശ്യവും അപകടകരവുമായ സമീപനമാണ്. മുന്‍ സര്‍ക്കാരിനെക്കാള്‍ മോശം നിലപാടാണ് ഇപ്പോഴത്തെ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും കോടതി കുറ്റപ്പെടുത്തി. കോടതി പറയാത്ത കാര്യം ഉള്‍പ്പെടുത്തി ഉത്തരവിറക്കിയ കശുവണ്ടി വകുപ്പ് സെക്രട്ടറി കെ.ബിജുവിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കും. ബിജു മറ്റന്നാള്‍ ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. വിഷയത്തിൽ കോടതിയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി രംഗത്തെത്തി.

ENGLISH SUMMARY:

The High Court severely criticized the Kerala government over a prosecution sanction order in the cashew development corporation scam. The court expressed its displeasure, stating that the government manipulated judicial pronouncements to aid the accused and initiated contempt of court proceedings against the department secretary.