പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വിവാദം. ആഭ്യന്തര വിജിലൻസ് വിഭാഗത്തെ കൊണ്ട് അന്വേഷണം നടത്തണമെന്ന പി.എസ്.സി ബോർഡിന്റെ തീരുമാനത്തിൽ മാറ്റം വരുത്തി പരീക്ഷാ കൺട്രോളർക്ക് അന്വേഷണ ചുമതല നൽകിയതിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുന്നു. അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണിതെന്നാണ് ആക്ഷേപം.
ആസൂത്രണ ബോർഡിലെ ചീഫ് തസ്തികയിലേയ്ക്കുള്ള പരീക്ഷയിൽ പത്ത് ചോദ്യങ്ങൾക്ക് മാർക്ക് നൽകാതെ മൂല്യനിർണയം നടത്തിയെന്നും, അതുവഴി ഒരു ഉദ്യോഗാർഥിക്ക് അനുകൂലമായി നിയമനം ലഭിച്ചെന്നുമാണ് ആരോപണം. സംഭവം വിവാദമായതിനെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച ചേർന്ന പി.എസ്.സി യോഗം റാങ്ക് പട്ടിക റദ്ദാക്കാനും, ക്രമക്കേടിന് പിന്നിലെ സാഹചര്യങ്ങൾ അന്വേഷിക്കാൻ പി.എസ്.സിയുടെ ആഭ്യന്തര വിജിലൻസിനെ ചുമതലപ്പെടുത്താനും തീരുമാനിച്ചിരുന്നു.
എന്നാൽ, പിന്നീട് ഈ തീരുമാനത്തിൽ മാറ്റം വരുത്തി അന്വേഷണം പരീക്ഷാ കൺട്രോളർക്ക് കൈമാറിയെന്നാണ് വിവരം. പൊലീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയ എസ്.പി നേതൃത്വത്തിലുള്ള ആഭ്യന്തര വിജിലൻസ് വിഭാഗം അന്വേഷിക്കേണ്ട വിഷയമാണ് പരീക്ഷാ കൺട്രോളറുടെ നേതൃത്വത്തിലേയ്ക്ക് മാറ്റിയതെന്നാണ് വിമർശനം.
പരീക്ഷാ കൺട്രോളർക്ക് ആദ്യം വാക്കാൽ നിർദേശം നൽകിയെങ്കിലും രേഖാമൂലമുള്ള ഉത്തരവില്ലാതെ അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് അവർ അറിയിച്ചതിനെ തുടർന്ന് ചെയർമാൻ ഔദ്യോഗിക ഉത്തരവിറക്കിയതായും വിവരമുണ്ട്.
ആഭ്യന്തര വിജിലൻസ് അന്വേഷിച്ചാൽ പി.എസ്.സിക്ക് അകത്തും പുറത്തും നടന്നേക്കാവുന്ന ക്രമക്കേടുകളും ഗൂഢാലോചനയും പരിശോധിക്കാൻ സാധിക്കും. എന്നാൽ പരീക്ഷാ കൺട്രോളറുടെ അന്വേഷണ പരിധി വകുപ്പുതല വിഷയങ്ങളിൽ മാത്രമായി ഒതുങ്ങുമെന്നാണ് വിമർശനം. മാത്രമല്ല, വിവാദമായ പരീക്ഷയുടെ നടത്തിപ്പിന് മേൽനോട്ടം വഹിച്ചിരുന്നതും ഇതേ ഉദ്യോഗസ്ഥയായിരുന്നുവെന്നതിനാൽ താൽപര്യസംഘർഷം ഉണ്ടാകുമെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
സംഭവത്തിൽ പി.എസ്.സി അംഗങ്ങൾക്കിടയിലും അതൃപ്തിയുണ്ടെന്നാണ് വിവരം. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും, അടുത്ത തിങ്കളാഴ്ച നടക്കുന്ന പി.എസ്.സി യോഗത്തിൽ തീരുമാനത്തിനെതിരെ എതിർപ്പ് രേഖപ്പെടുത്താനുമാണ് ചില അംഗങ്ങളുടെ ആലോചന.