കേരളത്തിലെ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടൽ താൽക്കാലികമായി മരവിപ്പിക്കാമെന്ന ഉറപ്പിൽ നിന്ന് പിന്മാറി അമേരിക്കൻ കോഡിങ് കമ്പനിയായ കോറോ ഹെൽത്ത്. പിരിച്ചുവിടൽ ആനുകൂല്യമായി പ്രഖ്യാപിച്ച തുക ഇന്നലെ രാത്രി നൂറുകണക്കിന് ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് കൈമാറിയതോടെയാണ് കമ്പനി പിരിച്ചുവിടൽ നടപടികളുമായി മുന്നോട്ടുപോകുകയാണെന്ന ആശങ്ക ശക്തമായത്.
ജില്ലാ ലേബർ ഓഫീസറുടെയും എം.എൽ.എ ഉമ തോമസിന്റെയും സാന്നിധ്യത്തിൽ പിരിച്ചുവിടൽ നടപടികൾ താൽക്കാലികമായി മരവിപ്പിക്കാമെന്ന് കമ്പനി പ്രതിനിധികൾ അറിയിച്ചിരുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്. എന്നാൽ, അതിന് പിന്നാലെ തന്നെ ഏകദേശം രണ്ടര മാസത്തെ ശമ്പളത്തിന് തുല്യമായ പിരിച്ചുവിടൽ ആനുകൂല്യം ജീവനക്കാരുടെ അക്കൗണ്ടുകളിലേയ്ക്ക് കൈമാറുകയായിരുന്നു.
പുതിയ തൊഴിൽ നിയമ വ്യവസ്ഥകൾ അനുസരിച്ചും നിയമന ഉത്തരവിലെ വ്യവസ്ഥകൾ പ്രകാരവും ജീവനക്കാരെ പിരിച്ചുവിടാൻ കമ്പനിക്ക് അധികാരമുണ്ടെന്നാണ് കോറോ ഹെൽത്തിന്റെ നിലപാടെന്ന് ജീവനക്കാർ പറയുന്നു.
അതേസമയം, വിഷയത്തിൽ കമ്പനിയുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി. ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു.
പ്രശ്നപരിഹാരത്തിനായി മറ്റന്നാൾ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഒത്തുതീർപ്പ് ചർച്ചകൾക്ക് മുമ്പുതന്നെ കമ്പനി പിരിച്ചുവിടൽ ആനുകൂല്യം വിതരണം ചെയ്തതോടെ ചർച്ചകളുടെ ഭാവിയെക്കുറിച്ചും അനിശ്ചിതത്വം ഉയർന്നിരിക്കുകയാണ്.
ജീവനക്കാരുടെ പ്രതിഷേധം ഒഴിവാക്കുന്നതിനായി പിരിച്ചുവിടൽ മരവിപ്പിച്ചെന്ന ധാരണ സൃഷ്ടിച്ച ശേഷം നടപടികൾ മുന്നോട്ടുകൊണ്ടുപോയതാണോ കമ്പനിയുടെ നീക്കമെന്ന സംശയവും ഉയരുന്നുണ്ട്. ഇതിനിടെ ജില്ലാ ലേബർ ഓഫീസർ കമ്പനി അധികൃതരുമായി തുടർച്ചയായി ആശയവിനിമയം നടത്തുകയാണെന്നും തൊഴിൽ വകുപ്പ് അറിയിച്ചു.