ഒറ്റമാസം കൊണ്ട് ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങിയത് 5,579 അയ്യായിരത്തി അഞ്ഞൂറ്റി എഴുപത്തിയൊമ്പത് ലഹരി ഇടപാടുകാരാണ്. മൂന്നര കിലോ എം.ഡി.എം.എയും 420 കിലോ കഞ്ചാവും ഇതിനകം പിടികൂടി. ദക്ഷിണേന്ത്യയിലെ ഡി.ജി.പിമാരുമായി സംസ്ഥാന പൊലീസ് മേധാവി അടുത്ത ആഴ്ച ചര്‍ച്ച നടത്തുന്നതോടെ ലഹരിയുടെ ഉറവിടം തേടിയുള്ള പരിശോധനകള്‍ക്കും തുടക്കമാവും.
ലഹരിക്കെതിരെ പലഘട്ടങ്ങളില്‍ പല തരത്തിലുള്ള ഓപ്പറേഷനുകള്‍ കേരള പൊലീസ് നടത്തിയിട്ടുണ്ടെങ്കിലും സമൂഹം ഒറ്റക്കെട്ടായി നടത്തുന്ന ആദ്യ സര്‍ജിക്കല്‍ സ്ട്രൈക്കിനാണ് ആഭ്യന്തരമന്ത്രിയുടെ ഈ പ്രഖ്യാപനത്തോടെ തുടക്കമായത്. ജൂണ്‍ രണ്ടിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതിന് പിന്നാലെയുള്ള മുപ്പത് രാപ്പകലുകളില്‍ കേരളം കണ്ടത് ആയിരക്കണക്കിന് പരിശോധനകള്‍. ഇതുവരെ 5,210 കേസുകളാണെടുത്തത്. ഇതിലായി ലഹരി കടത്തുകാരും വില്‍പ്പനക്കാരുമായി 5,579 പേര്‍ പിടിയിലായി. ഇവരില്‍ നിന്ന് മൂന്നരക്കിലോ എം.ഡി.എം.എ പിടികൂടി. ആഭ്യന്തരവിപണിയില്‍ കോടികള്‍ വിലമതിക്കുന്നതാണ് ഇത്.
ഇതുകൂടാതെ 420 കിലോ കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. കേരളത്തിലേക്ക് വരുന്ന ലഹരിയുടെ വഴി കണ്ടെത്താനായതും പ്രധാനനേട്ടമാണ്. കേരളത്തിലേക്കുള്ള എം.ഡി.എം.എയുടെ ഉറവിടം ബംഗളൂരുവും കഞ്ചാവിന്‍റെ കേന്ദ്രം ആന്ധ്രയുമെന്നാണ് കണ്ടെത്തല്‍. ഇതോടെ ദക്ഷിണേന്ത്യയിലെ ഡി.ജി.പിമാരുമായി ചേര്‍ന്ന് അവിടേക്കുള്ള അന്വേഷണം വ്യാപിപ്പിക്കുകയാണ് അടുത്തലക്ഷ്യം.
ലഹരിക്കാരെ നേരിടുന്നതിനൊപ്പം രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ബോധവത്കരണപ്രവര്‍ത്തനം പുരോഗമിക്കുന്നത് തൂഫാനെ സമൂഹത്തിന്‍റെ നാനാതുറകളിലേക്കുമെത്തിക്കുന്നുണ്ട്. എന്നാല്‍ പൊലീസില്‍ സി.ഐമാരുടെയും ഡിവൈ.എസ്.പിമാരുടെ സ്ഥലംമാറ്റം നടക്കാത്തത് ചിലയിടങ്ങളില്‍ പരിശോധനകളുടെ വേഗം കുറച്ചിട്ടുണ്ട്. ഇന്നോ നാളെയോ സ്ഥലംമാറ്റം ഉണ്ടാകുമെന്ന് കരുതിയിരിക്കുന്ന പൊലീസുകാര്‍ വലിയ ലഹരി ഇടപാടുകള്‍ പിടിക്കാന്‍ തയാറാകാത്തതാണ് തിരിച്ചടി.