ഇമ്യുണൈസേഷന്‍ യജ്ഞത്തിലേക്ക് സംസ്ഥാനം പോകുമ്പോൾ അതിഥി തൊഴിലാളികളും വാക്സീൻ പ്രചാരണങ്ങളുടെ ഭാഗമാണ്. മൈഗ്രന്റ് ലിങ്ക് വര്‍ക്കേഴ്സ് വഴി പരമാവധി കുട്ടികളില്‍ പോളിയോ തുള്ളിമരുന്ന് എത്തിക്കുകയാണ് ആരോഗ്യവകുപ്പിന്‍റെ ലക്ഷ്യം. തുടച്ചുനീക്കിയ മഹാമാരികള്‍പോലും വീണ്ടും പേടിപ്പെടുത്തുന്ന കാലം. അതീവജാഗ്രത വേണ്ട സമയം. അതിഥിത്തൊഴിലാളികള്‍ കേരളത്തിന് ഒഴിച്ചുകൂടാനാവാത്ത വിഭാഗമായി മാറിക്കഴിഞ്ഞു. എറണാകുളം ജില്ലയില്‍മാത്രം ആറുലക്ഷത്തോളം പേര്‍. ഇവരിലേക്കെത്താന്‍ അതിഥിത്തൊഴിലാളികളെ തന്നെയാണ് പ്രചാരണദൗത്യത്തിന് ആരോഗ്യവകുപ്പ് നിയോഗിച്ചത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 12 പേരാണ് ജില്ലയുടെ വിവിധഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നത്. നാഷനല്‍ ഹെല്‍ത്ത് മിഷന്റെ നേതൃത്വത്തിലാണ് മൈഗ്രന്റ് ലിങ്ക് വര്‍ക്കേഴ്സിന്റെ പ്രവര്‍ത്തനം. പോളിയോ വാക്സീന്‍ പ്രചാരണത്തിനായി ഇതരസംസ്ഥാനക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പെരുമ്പാവൂരിലും സജീവമായിരുന്നു ഇവര്‍.
അതിഥിത്തൊഴിലാളികളുടെ കുട്ടികള്‍ക്കായി മൊബൈല്‍ ബൂത്തുകളാണ് സജ്‍ജമാക്കിയിട്ടുള്ളത്. കഴിഞ്ഞതവണ ജില്ലയില്‍ അതിഥിത്തൊഴിലാളികളുടെ 4527 കുട്ടികള്‍ വാക്സീന്‍ സ്വീകരിച്ചിരുന്നു. സംസ്ഥാനത്ത് അഞ്ചുവയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യുന്നത്. ആരോഗ്യ കേന്ദ്രങ്ങൾക്കു പുറമേ മാളുകൾ, മെട്രോ സ്റ്റേഷനുകൾ തുടങ്ങിയ ഇടങ്ങളിലും ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്.