കോഴിക്കോട് താമരശേരിയിൽനിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ മൂന്ന് വിദ്യാർഥികളെയും വയനാട്ടിൽ കണ്ടെത്തി. സിനിമയെ വെല്ലുന്ന രീതിയിൽ നാട്ടുകാർ വാഹനങ്ങളിൽ പിന്തുടർന്ന് സാഹസികമായാണ് കുട്ടികളെ പിടികൂടിയത്.

വ്യാഴാഴ്ചയാണ് പത്താം ക്ലാസ്സ് വിദ്യാർഥിനിയെയും സുഹൃത്തുക്കളായ മറ്റ് രണ്ട് ആൺകുട്ടികളെയും താമരശേരിയിൽ നിന്ന് കാണാതാകുന്നത്. കൈവശമുണ്ടായിരുന്ന സ്മാർട്ട് ഫോൺ വിറ്റ് പണം കണ്ടെത്തിയ സംഘം രണ്ട് ഇരുചക്രവാഹനങ്ങളിലായി വയനാട്ടിലേക്ക് കടക്കുകയായിരുന്നു. വടുവൻചാൽ ചിത്രഗിരിയിലെ കാടുമൂടിയ പ്രദേശത്ത് ഇവർ തമ്പടിച്ചതായി വിവരം ലഭിച്ചതോടെ പൊലീസും നാട്ടുകാരും തിരച്ചിൽ ഊർജ്ജിതമാക്കി. കാടിനുള്ളിൽ നിന്ന് ഒരു വിദ്യാർഥിയെ ആദ്യം കണ്ടെത്തിയെങ്കിലും മറ്റ് രണ്ടുപേർ സ്കൂട്ടറിൽ കടന്നുകളഞ്ഞു. തുടർന്ന് നാട്ടുകാർ കാറുകളിൽ പിന്തുടർന്ന് പാടി വയലിനു സമീപം വെച്ച് ഇവരെ പിടികൂടുകയായിരുന്നു.

താമരശേരിയിലെ സ്കൂളിന് സമീപത്ത് നിന്ന് യൂണിഫോം മാറി യാത്ര തിരിച്ച കുട്ടികളുടെ ചിത്രം ഒരു തോട്ടം തൊഴിലാളി പകർത്തിയതാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. ഡിജിറ്റൽ തെളിവുകൾ നശിപ്പിച്ച് ഒളിവിൽ കഴിയാനായിരുന്നു കുട്ടികളുടെ ശ്രമം. മേപ്പാടി പൊലീസ് സ്റ്റേഷനിലെത്തിച്ച വിദ്യാർഥികളെ തുടർനടപടികൾക്ക് ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു

ENGLISH SUMMARY:

Thamarashery missing students have been located in Wayanad after a dramatic chase by locals. The trio, who had sold a smartphone to fund their escape, were apprehended near Padi, marking a successful conclusion to the intense search operation.