kr-meera-haritha-savithri-legal

'കലാച്ചി' എന്ന നോവലിന് തൻ്റെ 'സിൻ' എന്ന നോവലുമായുള്ള സാമ്യം ഞെട്ടിച്ചുവെന്ന് എഴുത്തുകാരി ഹരിത സാവിത്രി പറഞ്ഞതിന് മറുപടിയുമായി കെ.ആർ മീരയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. പ്രിയ വായനക്കാരുടെയും തന്നെ സ്നേഹിക്കുന്നവരുടെയും  പൊതു സമൂഹത്തിന്റെയും അറിവിലേക്കാണെന്ന് പരാമര്‍ശിച്ചുകൊണ്ടാണ് കെ.ആർ മീരയുടെ പോസ്റ്റ് ആരംഭിക്കുന്നത്. 

എന്റെ 'കലാച്ചി' എന്ന നോവലിനെയും  'കലാച്ചി'യുടെ രചയിതാവ് എന്ന നിലയിൽ എന്നെയും  സംബന്ധിച്ച്,  സമൂഹ മാധ്യമങ്ങളിലും പൊതു മണ്ഡലത്തിലും ശ്രീമതി ഹരിത സാവിത്രി ഉയർത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും പൊതുസമൂഹത്തിന്റെയും വായനക്കാരുടെയും മുമ്പിൽ എന്നെ അപകീർത്തിപ്പെടുത്തണം എന്ന ദുരുദ്ദേശ്യത്തോടെ മാത്രമാണ് എന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. 

ഹരിത സാവിത്രി ഉയർത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും  സമൂഹമധ്യത്തിൽ എന്നെപ്പറ്റി  അവമതിപ്പ് സൃഷ്ടിച്ചതായും എനിക്കു ബോധ്യമുണ്ട്. ഈ സാഹചര്യത്തിൽ, ഇതുസംബന്ധിച്ചുള്ള  നിയമ നടപടികൾക്കു മുന്നോടിയായി അഡ്വ.  എൻ.കെ ഉണ്ണികൃഷ്ണൻ മുഖേന ഹരിത സാവിത്രിക്ക് ഒരു ലീഗൽ നോട്ടീസ്  അയച്ചുകഴിഞ്ഞു. 

നോട്ടീസിൽ ഞാൻ ആവശ്യപ്പെട്ട  വിധത്തിലുള്ള നടപടികൾ,  നോട്ടീസിൽ രേഖപ്പെടുത്തിയ  തീയതിക്കകം ഹരിത സാവിത്രി കൈക്കൊള്ളാത്തപക്ഷം നീതിക്കായി  കോടതിയെ സമീപിക്കുകമാത്രമേ എനിക്കു മാർഗമുള്ളൂ. ലീഗൽ  നോട്ടീസിനുള്ള ഹരിത സാവിത്രിയുടെ മറുപടി ലഭിച്ചശേഷം ബാക്കി വിവരങ്ങൾ  അറിയിക്കാം. – കെ.ആർ മീര കുറിച്ചു.  

മീരച്ചേച്ചി തന്റെ പുസ്തകം വായിച്ചിട്ടുണ്ടെന്ന് ഉറപ്പാണെന്നായിരുന്നു ഹരിത സാവിത്രി നേരത്തേ പറഞ്ഞത്. 'പുസ്തകം ഇറങ്ങിയപ്പോൾ തന്നെ വായിച്ചിട്ടുണ്ടെന്ന് അവരോട് വളരെ അടുപ്പമുള്ള ഒരാൾ തന്നെ തന്നോട് പറഞ്ഞിരുന്നു. 2022 -ലാണ് 'സിൻ' ഇറങ്ങിയത്. 2022 -ലാണ് മീരച്ചേച്ചി കസാക്കിസ്ഥാനിലേക്ക് പോകുന്നത്. ഇതിന്റെ പിന്നിലെന്താണ് എന്നൊന്നും എനിക്ക് അറിയില്ല. തന്റെ പുസ്തകത്തിന്റെ ത്രെഡിന് അവരുടെ പുസ്തകവുമായി സാമ്യമുണ്ട്' – ഹരിത പറയുന്നു. 

ENGLISH SUMMARY:

KR Meera has issued a legal notice to Haritha Savithri in response to plagiarism allegations concerning their respective novels, 'Kalaachi' and 'Sin'. The author asserts that the accusations were made with the intent to defame her and has stated that further legal action will be pursued if Savithri does not comply with the notice.