rr

സംസ്ഥാനത്തെ കള്ളുഷാപ്പുകളിൽ വ്യാപകമായി കലക്ക് കള്ള് വിൽപ്പന നടക്കുന്നുവെന്ന പരാതിയെ തുടർന്ന് അടിയന്തര പരിശോധനയ്ക്ക് നിർദേശം നൽകി എക്സൈസ് കമ്മിഷണർ. സത്യസന്ധരായ ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തി ഓരോ ജില്ലയിലും മൂന്ന് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് കള്ളുഷാപ്പുകൾ, കള്ള് ചെത്ത് തോട്ടങ്ങൾ, കള്ളുമായി സഞ്ചരിക്കുന്ന വാഹനങ്ങൾ എന്നിവ വ്യാപകമായി പരിശോധിക്കാനാണ് നിർദേശം.

എക്സൈസ് കമ്മിഷണർ സാംബശിവ റാവു പുറത്തിറക്കിയ ഉത്തരവിൽ പാലക്കാട് ജില്ലയ്ക്ക് പ്രത്യേക ശ്രദ്ധ നൽകാനും നിർദേശമുണ്ട്. വിവിധ തോട്ടങ്ങളിൽ നിന്ന് മായം ചേർത്ത കള്ള് രഹസ്യമായി ഷാപ്പുകളിലെത്തിച്ച് വിൽക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും, ഇത് മദ്യദുരന്ത സാധ്യതയ്ക്ക് വഴിയൊരുക്കാമെന്ന ആശങ്കയും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തെ എല്ലാ കള്ളുഷാപ്പുകളിലും ഇടവേളകളിൽ പരിശോധന നടത്തണം. കള്ള് ചെത്ത് തോട്ടങ്ങൾ പരിശോധിക്കുന്നതിനൊപ്പം കള്ളുമായി അതിർത്തി കടന്ന് മറ്റ് ജില്ലകളിലേയ്ക്ക് പോകുന്ന വാഹനങ്ങളിലും പരിശോധന ശക്തമാക്കണം. കള്ളിന്റെ സാമ്പിളുകൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്തി മായം ചേർത്തിട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്.

ഓരോ ജില്ലയിലും അഴിമതിരഹിതരായ എക്സൈസ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ മൂന്ന് പരിശോധന സംഘങ്ങൾ രൂപീകരിക്കണം. പരിശോധനയുടെ വിവരങ്ങൾ ദിവസേന ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർമാർക്ക് കൈമാറുകയും, ജില്ലാതല റിപ്പോർട്ടുകൾ മേഖലാ ജോയിന്റ് എക്സൈസ് കമ്മിഷണർമാർ വഴി എക്സൈസ് കമ്മിഷണർക്ക് സമർപ്പിക്കുകയും വേണം.

പരിശോധനയിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ മുന്നറിയിപ്പുണ്ട്. കൂടാതെ, ചെക്‌പോസ്റ്റുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനായി എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക മിന്നൽ പരിശോധനാ സംഘവും രൂപീകരിക്കും.

ENGLISH SUMMARY:

Kerala excise commissioner has ordered immediate inspections of toddy shops across the state due to widespread complaints of adulterated toddy sales. Special teams will be formed in each district to check toddy shops, tapping areas, and vehicles transporting toddy, ensuring no compromise on quality.