തകർച്ചയിൽ ആയ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം പൊളിച്ചശേഷം കരാറുകാരൻ അധിക തുക ആവശ്യപ്പെട്ടു മുങ്ങി. ജീവനക്കാരും നാട്ടുകാരും അടക്കം ദുരിതത്തിലാണ്. പത്തനംതിട്ട കടമ്മനിട്ട കല്ലേലി പ്രാഥമിക ആരോഗ്യ കേന്ദ്രമാണ് തകർച്ചയിലായത്.
1955- ൽ ആയിരുന്നു പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിലെ കടമ്മനിട്ട കല്ലേലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ തുടക്കം. മർത്തോമാ സഭയായിരുന്നു സ്ഥലം നൽകിയത്. അക്കാലത്ത് എല്ലാവിധ സൗകര്യങ്ങളോടെ ആശുപത്രി പ്രവർത്തനം തുടങ്ങി. അതിർത്തി പഞ്ചായത്തുകളായ ചെറുകോൽ - മൈലപ്ര എന്നിവിടങ്ങളിലെ ആളുകൾക്ക് കൂടി പ്രയോജനമായിരുന്നു ആശുപത്രി. 1989 വരെ കിടത്തി ചികിത്സയും പോസ്റ്റ്മോർട്ടവും വരെ ആശുപത്രിയിൽ ഉണ്ടായിരുന്നു. ക്രമേണ ഈ സൗകര്യങ്ങൾ ഇല്ലാതെയായി. കെട്ടിടങ്ങളിൽ ഒന്ന് കാലപ്പഴക്കം കൊണ്ട് നാമാവശേഷമായി.
മുൻമന്ത്രിയും ആറന്മുള എംഎൽഎയും ആയിരുന്ന വീണ ജോർജ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് മറ്റ് നടപടികൾ പൂർത്തിയാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. പുതിയ കെട്ടിടത്തിൻ്റെ കരാറുകാരൻ പഴയ കെട്ടിടം പൊളിച്ചു നീക്കി. കരാർ ഉറപ്പിച്ച തിനേക്കാൾ 10% തുക കൂടുതൽ വേണമെന്ന് പിന്നീട് ആവശ്യപ്പെട്ടു. തുക നൽകാതെ വന്നതോടെ നിർമ്മാണവും നിലച്ചു.
ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി പുനസ്ഥാപിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. ദിവസം ഇരുന്നൂറോളം രോഗികൾ ആശുപത്രി ഒപിയിൽ എത്താറുണ്ട്. പുതിയ എംഎൽഎ അബിൻവർക്കിയുടെ ഇടപെടലാണ് നാട്ടുകാരുടെ പ്രതീക്ഷിക്കുന്നത്.