സംസ്ഥാന സർക്കാരിന്റെ എൻഡോസൾഫാൻ പുനരധിവാസ പദ്ധതി കടലാസിൽ മാത്രം ഒതുങ്ങിയതിന്റെ പരിണിതഫലം അനുഭവിക്കുകയാണ് കാസർകോട് ജില്ലയിലെ പല കുടുംബങ്ങളും. സാമ്പത്തിക പ്രശ്നങ്ങളില്ലെങ്കിലും ചില എൻഡോസൾഫാൻ കുടുംബങ്ങളുടെ ജീവിതം ദുരിതത്തിലാണ്. ആരോരും തിരിഞ്ഞുനോക്കാൻ ഇല്ലാതെ , മരുന്നും ഭക്ഷണവും ലഭിക്കാതെ ഒറ്റപ്പെട്ടു കഴിയുകയാണ് ഈ കുടുംബങ്ങൾ. ജില്ലയിൽ ഏറ്റവും കൂടുതൽ എൻഡോസൾഫാൻ രോഗികൾ ഉണ്ടായിരുന്ന എൻമകജെ പഞ്ചായത്തിലെ പട്രെ വില്ലേജിലാണ് മുത്തു അമ്മയുടെ വീട്. തുളു ഭാഷ മാത്രം സംസാരിക്കാൻ അറിയുന്ന കുടുംബം. മുത്തു അമ്മയുടെ നാലു മക്കളിൽ മൂന്നുപേരും എൻഡോസൾഫാൻ ദുരിതബാധിതർ. കിട്ടണ്ണ ഷെട്ടിയും, ശ്രീധര ഷെട്ടിയും, കുസുമവും. ഇതിൽ കുസുമവും ശ്രീധര ഷെട്ടിയും രോഗം മൂർച്ഛിച്ച് മരിച്ചു.
രോഗബാധിതരിൽ ജീവിച്ചിരിക്കുന്നത് 42 കാരനായ കിട്ടണ്ണ ഷെട്ടി മാത്രം. മുത്തു അമ്മയുടെ ഭർത്താവ് ഷീനപ്പ ഷെട്ടി മരിച്ചതോടെ കുടുംബം ദുരിതത്തിലായി. പയ്യെ പയ്യെ 85 കാരിയായ മുത്തു അമ്മയ്ക്കും, മകൾ സരസ്വതിക്കും രോഗം ബാധിച്ചു. ഇപ്പോഴീ കുടുംബത്തിന്റെ അവസ്ഥ ദയനീയമാണ്.
അസുഖബാധിതരായ മൂന്നുപേർക്കും സ്വന്തം കാര്യങ്ങൾ നോക്കാൻ പരസഹായം വേണം. എൻഡോസൾഫാൻ സമരസമിതിയുടെ ദീർഘകാലത്തെ ആവശ്യമായ പുനരധിവാസ പദ്ധതി നടപ്പിലാക്കിയാൽ മാത്രമേ മുത്തു അമ്മയുടെ കുടുംബത്തിന് ആശ്വാസമാവൂ. അവഗണണനയുടെ പാരമ്യത്തിൽ കഴിയുന്ന ഇവർക്ക് എന്തെങ്കിലും സംഭവിച്ചാൽ പോലും പുറത്തറിയണമെങ്കിൽ ദിവസങ്ങൾ എടുക്കും.