കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഗ്രാമത്തിന്‍റെ സമഗ്ര പുനര്‍നിര്‍മാണത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. അഞ്ചുകോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. അടിസ്ഥാന സൗകര്യ പുനര്‍നിര്‍മാണം, ദുരിതബാധിതരുടെ പുനരധിവാസം, കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനം, പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ ശേഷിയുള്ള മാതൃക സൃഷ്ടിക്കല്‍ എന്നിവയാണ് പാക്കേജിന്‍റെ ലക്ഷ്യം. 2024 ല്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ വീടുകളും കച്ചവട സ്ഥാപനങ്ങളും കൃഷിയും വ്യാപകമായി നശിച്ചിരുന്നു.

ഇതിന് പുറമെ വയനാട്‌, കാസര്‍ഗോഡ്‌, ഇടുക്കി എന്നീ പിന്നാക്ക ജില്ലകള്‍ക്കായുള്ള പ്രത്യേക പാക്കേജുകളുടെ കീഴില്‍, വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനമാര്‍ഗ്ഗങ്ങള്‍ എന്നിവയ്ക്ക്‌ മുന്‍ഗണന നല്‍കിക്കൊണ്ടുള്ള വികസന പദ്ധതികള്‍ തുടരുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള പദ്ധതികള്‍ക്ക്‌ ഇവിടെ പ്രത്യേക പരിഗണന നല്‍കും. വയനാട്‌, കാസര്‍ഗോഡ്‌, ഇടുക്കി ജില്പകള്‍ക്കായുള്ള പാക്കേജുകള്‍ ഊര്‍ജിതമായി നടപ്പാക്കാന്‍ നടപടി കൈക്കൊള്ളുമെന്നും ബജറ്റില്‍ പറയുന്നു.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഉരുള്‍പൊട്ടലുകള്‍, തീരശോഷണം, മുണ്ടക്കൈ-ചൂരല്‍മല ദുരന്തം, വെള്ളപ്പൊക്കങ്ങള്‍ എന്നിങ്ങനെ നിരവധി വിനാശകരമായ പ്രകൃതി ദുരന്തങ്ങള്‍ കഴിഞ്ഞ ദശകത്തില്‍ കേരളം നേരിട്ടു. ഈ സാഹചര്യത്തില്‍ നിലവിലുള്ള സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ആധുനികവല്‍ക്കരിക്കുന്നതിനും നടപടി സര്‍ക്കാര്‍ കൈക്കൊള്ളും. പ്രത്യേക മുന്നറിയിപ്പ്‌ സംവിധാനങ്ങള്‍, കാലാവസ്ഥാ മോഡലിംഗ്‌, ജിയോസ്പേഷ്യല്‍ ഇന്റലിജന്‍സ്‌, റിസ്‌ക്‌ അനലിറ്റിക്‌സ്‌, അടിയന്തര പ്രതികരണ ഏകോപനം എന്നിവ സമന്വയിപ്പിക്കുന്നതിനായി 'കേരള ഡിസാസ്റ്റര്‍ റെസിലിയന്‍സ്‌ സെന്റര്‍' സ്ഥാപിക്കും. ഈ പദ്ധതിയുടെ നടത്തിപ്പിനായി 15 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ENGLISH SUMMARY:

The Kerala government has announced a targeted 5 crore rupee rehabilitation package for the comprehensive reconstruction of Vilangad village, which suffered extensive destruction during the 2024 landslides. This initiative focuses on rebuilding critical infrastructure, rehabilitating affected residents, reviving the local agricultural economy, and establishing a model for disaster-resilient development. In addition to local efforts, the government is prioritizing the continued development of Wayanad, Kasaragod, and Idukki districts through special packages aimed at enhancing education, healthcare, and sustainable livelihoods. These district-specific plans will place significant emphasis on mitigating escalating human-wildlife conflicts to ensure community safety. Addressing the increasing frequency of climate-related disasters over the past decade, the budget introduces the establishment of the 'Kerala Disaster Resilience Center' with an allocation of 15 crore rupees. This center will serve as a hub for integrating advanced technologies, including geospatial intelligence, climate modeling, and improved emergency response coordination, to bolster the state's disaster preparedness.