ഖാദി തുണിയുടെ ഉപോൽപ്പന്നങ്ങളായ തുണിക്കഷണങ്ങൾ ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ സാനിറ്ററി നാപ്കിൻ വികസിപ്പിച്ച് തൃശൂരിലെ വിമല കോളജ്. എട്ടുവർഷത്തെ ഗവേഷണത്തിന്റെയും പരീക്ഷണങ്ങളുടെയും ഫലമായാണ് ഈ നവീന ഉൽപ്പന്നം രൂപംകൊണ്ടത്. കേന്ദ്ര സർക്കാരിന്റെ പേറ്റന്റ് ലഭിച്ചതോടെ സാനിറ്ററി നാപ്കിൻ വാണിജ്യാടിസ്ഥാനത്തിൽ വിപണിയിലെത്തിക്കാനുള്ള സാധ്യതകളും വർധിച്ചു.

സാധാരണ സാനിറ്ററി നാപ്കിനുകളെ അപേക്ഷിച്ച് പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം വളരെ കുറവുള്ളതാണ് ഈ നാപ്കിന്റെ പ്രധാന പ്രത്യേകത. മണ്ണിൽ കുഴിച്ചിട്ടോ കത്തിച്ചോ പൂർണമായും സംസ്കരിക്കാനാകുന്ന ഇത് പ്രകൃതിയോട് ഇണങ്ങിച്ചേരുന്ന പരിസ്ഥിതി സൗഹൃദ ഉൽപ്പന്നമാണ്. കനം കുറഞ്ഞതും ഉപയോഗശേഷം നശിപ്പിക്കാൻ എളുപ്പമുള്ളതുമായ ഈ നാപ്കിന് അലർജി ഉണ്ടാകാനുള്ള സാധ്യതയും താരതമ്യേന കുറവാണെന്ന് ഗവേഷകർ പറയുന്നു.

വിമല കോളജിലെ ഇക്കണോമിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബിനു ആൻ കുരിയാച്ചന്റെയും മുൻ വിദ്യാർഥിയും ഗസ്റ്റ് അധ്യാപികയുമായ ശാരിയുടെയും നേതൃത്വത്തിലായിരുന്നു ഗവേഷണ പ്രവർത്തനങ്ങൾ. അവിണിശേരി ഖാദി വില്ലേജിന്റെ സഹകരണത്തോടെയാണ് ഖാദി ഉപോൽപ്പന്നങ്ങൾ ലഭ്യമാക്കിയത്.

നിലവിൽ കോളജിൽ വെൻഡിങ് മെഷീനുകൾ വഴി വിദ്യാർഥികൾക്ക് ഈ നാപ്കിനുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നുണ്ട്. കേന്ദ്ര പേറ്റന്റ് ലഭിച്ചതോടെ ഉൽപന്നത്തിന്റെ വാണിജ്യ ഉൽപാദനത്തിനും വിപണനത്തിനുമുള്ള നടപടികൾക്ക് വേഗം കൂടുമെന്നാണ് പ്രതീക്ഷ.

പരിസ്ഥിതി സംരക്ഷണവും സ്ത്രീകളുടെ ആരോഗ്യസുരക്ഷയും ഒരുപോലെ ലക്ഷ്യമിടുന്ന ഈ സംരംഭം, സുസ്ഥിര വികസന മേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശ്രദ്ധേയ ഇടപെടലായാണ് വിലയിരുത്തപ്പെടുന്നത്.

ENGLISH SUMMARY:

An eco-friendly sanitary napkin developed using khadi waste by Vimala College in Thrissur is set to revolutionize menstrual hygiene. This innovative product, a result of eight years of research, significantly reduces plastic content and is fully biodegradable, offering a sustainable alternative to conventional pads.