free-bus-inaguration-2

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും ഇന്നുമുതൽ സൗജന്യത്തിന്റെ ശുഭയാത്ര. തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിൽ 'പ്രിയദര്‍ശിനി' പദ്ധതി മുഖ്യമന്ത്രി വി.‍ഡി.സതീശന്‍ ഉദ്ഘാടനം ചെയ്തു. കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഔദാര്യമല്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയെ  പ്രതിസന്ധിയിലാക്കി പദ്ധതി നടപ്പാക്കില്ല. ഭാവിയില്‍ സര്‍ക്കാര്‍ തുക കെഎസ്ആര്‍ടിസി വേണ്ടെന്ന് പറയും. സ്വകാര്യമേഖലയ്ക്കുണ്ടാകുന്ന പ്രശ്നം പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും ഉദ്ഘാടനയാത്രയില്‍ യാത്രയില്‍ പങ്കെടുക്കുന്നുണ്ട്. ഉദ്ഘാടന യാത്രയിൽ മുഖ്യമന്ത്രി സെക്രട്ടേറിയറ്റ് വരെ ബസിൽ യാത്ര ചെയ്യും..

മുഖ്യമന്ത്രി സഞ്ചരിക്കുന്ന ബസ് ഓടിക്കുന്നത് പെരുമ്പാവൂര്‍ ഡിപ്പോയിലെ വനിതാ ഡ്രൈവർ ഷീലയാണ്.  കെഎസ്ആര്‍ടിസിയില്‍ പിഎസ്‍സി വഴി ആദ്യമായി നിയമിക്കപ്പെട്ട ഡ്രൈവറാണ് 13 വര്‍ഷം മുന്‍പ് സര്‍വീസില്‍ പ്രവേശിച്ച ഷീല. മുഖ്യമന്ത്രി യാത്ര ചെയ്യുന്ന ബസിന്റെ കണ്ടക്ടർ ജയകുമാരിയാണ്. സംസ്ഥാനത്തെ ഓരോ ഡിപ്പോയിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശികതല ഉദ്ഘാടനങ്ങളും നടന്നു.

3,125 ഓർഡിനറി ബസുകളിലാണ് സൗജന്യയാത്ര ലഭിക്കുക. സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സീറോ ടിക്കറ്റ് ലഭിക്കും. ഓർഡിനറി നിരക്കുള്ള സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി, ഗ്രാമവണ്ടി, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്, പോയിന്റ് ടു പോയിന്റ്, ടൗൺ ടു ടൗൺ(ടിടി) ഓർഡിനറി ബസുകളിൽ സൗജന്യയാത്ര ലഭിക്കും. സർക്കാർ അധികാരമേറ്റ് ഒരുമാസം തികയും മുൻപേയാണ് അധികാരത്തിലേക്കുള്ള വഴിതുറന്ന പ്രധാന ഇന്ദിരാ ഗ്യാരന്റികളില്‍ ഒന്ന് നടപ്പാകുന്നത്. 

ENGLISH SUMMARY:

Kerala Chief Minister V. D. Satheesan has launched the Priyadarshini Scheme, offering free travel for women and transgender persons on 3,125 KSRTC ordinary buses across the state. The Chief Minister emphasized that the initiative is not a charity but a step toward social empowerment and accessibility. The scheme covers multiple categories of ordinary bus services and fulfils one of the government's major Indira Guarantees within a month of taking office.