കോഴിക്കോട് നിപ ബാധിച്ച യുവാവിന്റെ നില മാറ്റമില്ലാതെ തുടരുന്നു. വൈറസിന്റെ തീവ്രത കുറയ്ക്കാനായി ഡൽഹിയിൽ നിന്നെത്തിച്ച രണ്ടുതരം ആൻ്റി വൈറൽ മരുന്ന് ഇന്ന് രോഗബാധിതന് നൽകും. രോഗത്തിൻറെ ഉറവിടം കണ്ടെത്താനായി കേന്ദ്രസംഘം ചികിത്സയിലുള്ള യുവാവിന്റെ വീടും ഗോഡൗണും സന്ദർശിക്കും. ഇവിടെ എടുക്കുന്ന സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കാനാണ് തീരുമാനം. അതേസമയം വിവാദങ്ങൾക്കിടെ ആരോഗ്യമന്ത്രി ഇന്ന് ജില്ലയിലെത്തും.

അതേസമയം സംസ്ഥാനത്ത് പകർച്ചപ്പനി ശമനമില്ലാതെ തുടരുന്നു. രണ്ടാഴ്ചയ്ക്കിടെ വിവിധ പകർച്ചപ്പനികൾ 27 ജീവനെടുത്തു. 11,534 പേർ ഇന്നലെ പനി ബാധിച്ചു ചികിത്സ തേടി. ഷിഗെല്ല  ബാധിച്ചവരുടെ എണ്ണം 135 ആയി ഉയര്‍ന്നു. 75 പേർ ഷിഗെല്ല ലക്ഷണങ്ങളോടെ  ചികിത്സയിലുണ്ട്. ഇന്നലെ 85 പേർക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 208 പേർ  രോഗം സംശയിച്ചു ചികിത്സയ്ക്കെത്തി.

വയനാട് ജില്ലയിൽ പുതിയതായി ഷിഗെല്ല കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും രോഗം സ്ഥിരീകരിച്ച 16 കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ. നിലവിൽ 23 പേരാണ് ബത്തേരിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. രോഗവ്യാപനം തടയുന്നതിനായി പുതുതായി ലക്ഷണങ്ങൾ കാണുന്നവർ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഡി.എം.ഒ അറിയിച്ചു. 

 

പകർച്ച വ്യാധി ആശങ്കകൾക്കിടെ ആരോഗ്യവകുപ്പിൽ ഏകോപനമില്ലെന്ന വിമർശനവും ഉയരുന്നു. പാലക്കാട്  കോളറ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ മുരളീധരനും ഇല്ലെന്ന് പാലക്കാട് ഡിഎംഒയും പറഞ്ഞതാണ് പുതിയ വിവാദത്തിന് അടിസ്ഥാനം. നേരത്തെ നിപ റിസൽറ്റ്  വന്നിട്ടില്ലെന്ന്മന്ത്രിയും വന്നെന്ന് കോഴിക്കോട് കലക്ടറും  പറഞ്ഞത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റാൻ നിരത്തിയ കാരണങ്ങളിലും വിവാദം പുകയുന്നുണ്ട്. ഇതിനിടെ നിപയിൽ  ഉൾപ്പെടെ പകർച്ചപ്പനി പ്രതിരോധം കാര്യക്ഷമമല്ലെന്ന വിമർശനം കടുപ്പിക്കുകയാണ് പ്രതിപക്ഷം. 

Nipah Virus Update: Patient Condition Stable in Kozhikode:

Nipa virus Kozhikode remains stable as antiviral medication from Delhi is administered today. Health Minister's visit amidst ongoing concerns about fever outbreaks across Kerala, with a recent rise in Shigella and Dengue cases.