ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രതിഭാഗത്തുള്ള സ്മാര്‍ട്ട്ക്രിയേഷന്‍സിന്റെ അഭിഭാഷകനായ കെ.ബി. പ്രദീപിനെ ഹൈക്കോടതിയിൽ ദേവസ്വം ബോർഡ് പ്ലീഡറായി നിയമിച്ച സംഭവം കടുത്ത വിവാദമായതിനെത്തുടർന്ന് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് അദ്ദേഹത്തോട് രാജി ആവശ്യപ്പെട്ടു. വിവാദം സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ.

മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രി കെ. മുരളീധരന്റെയും നിർദ്ദേശപ്രകാരം കെ.ബി. പ്രദീപ് ഇന്ന് ഉച്ചയ്ക്ക് മുൻപായി തന്നെ പ്ലീഡർ പദവി രാജിവെക്കുമെന്നാണ് റിപ്പോർട്ട്. ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിസ്ഥാനത്തുള്ള കമ്പനിക്ക് വേണ്ടി കോടതിയിൽ ഹാജരായിരുന്ന അഭിഭാഷകനെത്തന്നെ അതേ കേസിൽ ദേവസ്വം ബോർഡിന്റെ പ്ലീഡറായി നിയമിച്ചതാണ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്.

നിയമനം വലിയ രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുമെന്നും അടിയന്തരമായി ഇദ്ദേഹത്തെ ഒഴിവാക്കണമെന്നും ദേവസ്വം മന്ത്രി കെ. മുരളീധരൻ മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. യു.ഡി.എഫ്, കോൺഗ്രസ് നേതാക്കളും ഈ നിയമനത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. ശബരിമല സ്വർണ്ണക്കൊള്ളക്കേസ് നിലവിൽ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘവും (SIT) ഈ നിയമനത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. പ്രതിഭാഗം അഭിഭാഷകൻ തന്നെ ദേവസ്വം പ്ലീഡറാകുന്നത് വരുംദിവസങ്ങളിൽ കേസ് അട്ടിമറിക്കപ്പെടുന്നതിലേക്ക് നയിക്കുമെന്ന സംശയമാണ് അന്വേഷണസംഘം ഉയർത്തിയത്.

അധികാരമേറ്റ ആദ്യ നാളുകളിൽ തന്നെ കൃത്യമായ കൂടിയാലോചനകളില്ലാതെ ഇത്തരമൊരു വിവാദ നിയമനം നടത്തിയത് സർക്കാരിന്റെ വലിയ ജാഗ്രതക്കുറവായിട്ടാണ് വിലയിരുത്തുന്നത്.

ENGLISH SUMMARY:

Sabarimala gold scam lawyer appointment has led to a major controversy in Kerala. This incident has prompted the Chief Minister to intervene and demand the resignation of the appointed Devaswom Board Pleader, citing potential damage to the government's image.