ടി.ഒ.ഫിലിപ്പ് തട്ടാനിയത്ത്
കേരളത്തിലെ ആദ്യ ഐഎൻഎസ് അക്രഡിറ്റഡ് അഡ്വർട്ടൈസിങ് എജൻസി കേരള പബ്ലിസിറ്റി ബ്യൂറോയുടെ (കെപിബി) ചെയർമാനും എംഡിയുമായ ടി.ഒ. ഫിലിപ്പ് തട്ടാനിയത്ത് (86) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയം താഴത്തങ്ങാടി സെന്റ് മേരീസ് ക്‌നാനായ വലിയപള്ളിയിൽ.
1964 ലാണ് ഫിലിപ്പും സഹോദരനും ചേർന്ന് കെപിബി ആരംഭിച്ചത്. ഭീമയുടെ ലോഗോ, മഴ മഴ കുട കുട പരസ്യഗാനം എന്നിവയെല്ലാം പുറം ലോകം അറിഞ്ഞത് കെപിബിയിലൂടെയാണ്. കേരള അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷൻ കോട്ടയത്തിന്റെ സ്ഥാപക പ്രസിഡന്റാണ്. ക്‌നാനായ യുവജനസമാജം, ക്നാനായ സോഷ്യൽ ഫോറം എന്നിവയുടെ ജനറൽ സെക്രട്ടറി, ക്നാനായ അസോസിയേഷൻ അംഗം, കോട്ടയം വലിയപള്ളി ട്രസ്റ്റി, കോട്ടയം വൈസ്മെൻസ് ക്ലബ് പ്രസിഡന്റ്, കോട്ടയം നോർത്ത് റോട്ടറി ക്ലബ് പ്രസിഡന്റ്, രാമമംഗലം വൈഎംസിഎ പ്രസിഡന്റ്, ടി.വി. റേഡിയോ അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷൻ ഓഫ് കേരള പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: രാജമ്മ ഫിലിപ്പ് കുമരകം എഴുപതിൽ കുടുംബാംഗം. മക്കൾ: ജെയ്‌സൺ ഫിലിപ്പ്, ജെബിസൺ ഫിലിപ്പ്, അഡ്വ. ജൂബി ഫിലിപ്പ്. മരുമക്കൾ: സീബാ ജെയ്‌സൺ അറയ്ക്കൽ കുറിച്ചി, നീതു ജെബിസൺ വഞ്ചിപ്പറമ്പിൽ ആലപ്പുഴ, അഡ്വ. ഫെനു സ്‌കറിയ ഇടവഴിക്കൽ കോട്ടയം.