sumathi-valavu

TOPICS COVERED

പ്രേതക്കഥകളും യക്ഷി സങ്കല്‍പ്പങ്ങളുമെല്ലാമായി യാത്രക്കാരെ പേടിപ്പിക്കുന്ന വഴിയാണ് സുമതി വളവ്. തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാടിനടുത്ത് പാലോട്–കല്ലറ റൂട്ടിലെ ഒരു വളവ്. അതിനെയാണ് നാട്ടുകാര്‍ പതിറ്റാണ്ടുകളായി സുമതി വളവ് എന്ന് വിളിച്ചിരുന്നത്. അടുത്ത കാലത്ത് സുമതി വളവ് എന്ന സിനിമ റിലീസായതോടെ സുമതി വളവ് കൂടുതല്‍ പ്രശസ്തമായി. ഒടുവില്‍ സുമതി വളവിനെ സര്‍ക്കാരും അംഗീകരിച്ചു. പൊതുമരാമത്ത് വകുപ്പ് ഔദ്യോഗികമായി സുമതി വളവില്‍ പേരെഴുതി ബോര്‍ഡും സ്ഥാപിച്ചു.

സുമതി വളവെന്ന് പറഞ്ഞിരുന്നെങ്കിലും പലര്‍ക്കും പാലോട്–കല്ലറ റൂട്ടിലെ ഏത് വളവാണ് ഇതെന്ന് കൃത്യമായി അറിയില്ലായിരുന്നു. സുമതി വളവ് കാണാനായി വരുന്ന പലരും അതിനാല്‍ വളവ് ഏതെന്ന് അറിയാതെ ബുദ്ധിമുട്ടിയിരുന്നു. ഇതിന് പരിഹാരം എന്ന രീതിയിലാണ് പൊതുമരാമത്ത് വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചത്.

സുമതി വളവിന്‍റെ കഥ

1953 ജനുവരി 27ന് നടന്ന ഒരു അരുംകൊലയില്‍ നിന്നാണ് സുമതി വളവിന്‍റെ കഥ തുടങ്ങുന്നത്. ഈ പ്രദേശത്ത് താമസിച്ചിരുന്ന സുമതി എന്ന 19 കാരിയാണ് കൊല്ലപ്പെട്ടത്. തോട്ടം തൊഴിലാളിയുടെ മകളായ സുമതി അവിടത്തെ ഒരു മലഞ്ചരക്ക് വ്യാപാരിയുടെ വീട്ടിലാണ് ജോലി ചെയ്തിരുന്നത്. വ്യാപാരിയുടെ മകന്‍ രത്നാകരന്‍ സുമതിയുമായി പ്രണയത്തിലായി. ഒടുവില്‍ സുമതി ഗര്‍ഭിണിയുമായി. ഇതോടെ തന്നെ വിവാഹം കഴിക്കണമെന്ന് സുമതി ആവശ്യപ്പെട്ടു. ഒടുവില്‍ ഉത്സവം കാണിക്കാമെന്ന് പറഞ്ഞ് കാമുകന്‍ രത്നാകരനും സുഹൃത്തും ചേര്‍ന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയി. പാലോടിനടുത്ത് മൈലമൂട് എന്ന സ്ഥലത്ത് വനത്തോട് ചേര്‍ന്ന സ്ഥലത്തെത്തിയപ്പോള്‍ കാറില്‍ നിന്നിറക്കി. വനത്തിനുള്ളിലേക്ക് കൊണ്ടുപോയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി.

​കൊല നടന്ന് മൂന്ന് ദിവസത്തിന് ശേഷം, ഈറ്റ വെട്ടാന്‍ പോയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. കഴുത്ത് അറുത്ത നിലയില്‍ മരത്തില്‍ ചാരി ഇരുത്തിയ നിലയിലായിരുന്നു മൃതദേഹം. പൊലീസ് രത്നാകരനെയും കൂട്ടുപ്രതിയേയും അറസ്റ്റ് ചെയ്തു. കൊല നടന്ന സ്ഥലത്ത് നിന്ന് ആയുധവും സുമതിയുടെ ചെരിപ്പുമെല്ലാം കണ്ടെത്തിയത് കേസില്‍ പ്രധാന തെളിവായി. രണ്ട് പ്രതികളെയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.

​ഈ കേസിന് പിന്നാലെയാണ് കൊലപാതകം നടന്ന സ്ഥലം സുമതി വളവെന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. പിന്നീട് ആ  വളവില്‍ സുമതി ഇപ്പോഴും അലഞ്ഞ് തിരിഞ്ഞ് നടക്കുന്നതായും കഥ പ്രചരിച്ചു. രാത്രിയില്‍ വെള്ള സാരിയുടുത്ത് സുന്ദരിയായ സുമതിയെ പലരും കണ്ടിട്ടുണ്ടെന്നും പലരെയും ഉപദ്രവിക്കാറുണ്ടെന്നുമൊക്കെയായി കഥകള്‍. രാത്രിയില്‍ ആ വളവ് വഴി പോകുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും കേടാകുന്നതുമെല്ലാം പതിവാണെന്നും പറഞ്ഞിരുന്നു.

​എന്നാല്‍ ഇതെല്ലാം ആരെല്ലാമോ ചേര്‍ന്ന് പറഞ്ഞ് പ്രചരിപ്പിച്ച കള്ളക്കഥ മാത്രമാണെന്നാണ് നാട്ടുകാരുടെ സാക്ഷ്യം. എന്തായാലും കാലം മാറിയതോടെ ആ പഴയ വളവ് വീതി കൂട്ടിയൊക്കെ റോഡ് പണിതു. അതോടെ അവിടെ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതൊക്കെ അവസാനിച്ചു. ഇനി ആ വളവിന് പേരുമായി. ഇനി ആ പേര് കാണുമ്പോള്‍ ആരെങ്കിലും പേടിക്കുമോയെന്ന് കണ്ടറിയാം.

ENGLISH SUMMARY:

Sumathi Valavu is a notorious bend on the Palode-Kallara road near Nedumangad in Thiruvananthapuram district, known for ghost stories and Yakshi legends. The recent release of a film named Sumathi Valavu has brought further fame to this spot, which has now been officially recognized and signposted by the Public Works Department.