എംജി സര്‍വകലാശാലയിൽ സ്വയംഭരണ പദവിയുളള കോളജുകളിലെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ് നിര്‍ത്തലാക്കാനുളള ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗവേഷക വിദ്യാര്‍ഥികളോടും ഗൈഡുമാരോടും വിവേചനം കാട്ടുന്നതായാണ് പരാതി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് തീരുമാനമെന്നാണ് സർവകലാശാലയുടെ വിശദീകരണം.
മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ സ്വയംഭരണ പദവിയുളള കോളജുകളിലെ ഗവേഷക വിദ്യാര്‍ഥികള്‍ ഇനി സർവകലാശാലയുടെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിന് അപേക്ഷ നൽകേണ്ടതില്ലെന്നാണ് റജിസ്ട്രാറുടെ ഉത്തരവ്. ഒരേ മാനദണ്ഡപ്രകാരം അപേക്ഷ ക്ഷണിക്കുന്ന സര്‍വകലാശാല സ്വയംഭരണ പദവിയുള്ള കോളജുകളെ എന്തിനാണ് ഒഴിവാക്കുന്നത് എന്നാണ് ചോദ്യം. വിവേചനം പാടില്ലെന്ന് ഗവേഷക വിദ്യാർഥികളും ഗൈഡുമാരും ചൂണ്ടിക്കാട്ടുന്നു. സർവ്വകലാശാലയുടെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.
സര്‍വകലാശാലയുടെ സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന വാദം ശരിയല്ലെന്നും അധ്യാപകർ പറയുന്നു.
മറ്റ് സർവകലാശാലകളിൽ സ്വയംഭരണ കോളജുകളിലെ ഗവേഷകർക്ക് ഫെലോഷിപ്പ് നൽകുന്നില്ലെന്നാണ് എംജി സര്‍വകലാശാലയിലെ സിൻഡിക്കറ്റ് അംഗങ്ങൾ പറയുന്നത്. മുഖ്യമന്ത്രിയുടെ ഗവേഷക ഫെലോഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാമെന്നും സര്‍വകലാശാല അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.