സംസ്ഥാനത്തെ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറികളിൽ നിന്ന് പരിശോധനാ റിപ്പോർട്ട് നൽകാനുള്ള അധികാരം സാംപിൾ പരിശോധിക്കുന്ന ഉദ്യോഗസ്‌ഥന് നൽകിയ ഉത്തരവ് വിവാദമാകുന്നു. അസിസ്റ്റൻ്റ് കെമിക്കൽ എക്സാമിനർമാർ ഒപ്പിട്ട് നൽകിയിരുന്ന റിപ്പോർട്ട് ഇനി മുതൽ തൊണ്ടിസാധനങ്ങളുടെ പരിശോധനയിൽ കേവലം മൂന്ന് മുതൽ ആറ് മാസം വരെമാത്രം പരിചയസമ്പത്തുള്ള സയൻ്റിഫിക് എക്സാമിനർമാർക്കും ഒപ്പിട്ട് നൽകാമെന്നാണ് ഉത്തരവ്. എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് കൈക്കൊണ്ട തീരുമാനമാണ് ജൂൺ 5ന് സർക്കാർ ഉത്തരവായി പുറത്തിറങ്ങിയത്.
കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറികളിൽ നിന്നുള്ള കൊലപാതകം, കള്ളക്കടത്ത്, ലഹരി കേസുകൾ ഉൾപ്പെടെയുള്ളവയുടെ തൊണ്ടി സാധനങ്ങളുടെ പരിശോധനാ റിപ്പോർട്ടുകൾ കോടതികളിൽ അതീവപ്രാധാന്യമുള്ള ശാസ്ത്രീയ തെളിവുകളായാണ് പരിഗണിക്കുന്നത്. അങ്ങനെയിരിക്കേ ആ തെളിവുകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പരിചയസമ്പത്ത് കുറഞ്ഞ സയൻ്റിഫിക് ഓഫീസർമാർക്ക് അധികാരം നൽകിയതിൽ ആഭ്യന്തര വകുപ്പിനുള്ളിൽ തന്നെ വിമർശനം ശക്തമാണ്. തൊണ്ടി സാധനങ്ങൾ സയൻ്റിഫിക് ഓഫീസർമാർ പരിശോധിച്ച് മൂന്ന് ഘട്ടങ്ങളിലുടെ കടന്നാണ് അസിസ്റ്റൻ്റ് കെമിക്കൽ എക്സാമിനർമാർ ഒപ്പിട്ട് റിപ്പോർട്ട് നൽകിയിരുന്നത്.
പുതിയ ഉത്തരവുപ്രകാരം പരിശോധന മുതൽ റിപ്പോർട്ട് തയാറാക്കുന്നതുവരെയുള്ള എല്ലാ ജോലികളും രണ്ട് വർഷം പ്രവൃത്തി പരിചയം മാത്രമുള്ള സയൻ്റിഫിക് ഓഫീസർമാർക്ക് ചെയ്യാം . ഇത് പ്രമാദമായ കേസുകളിൽ ഉൾപ്പെടെ അട്ടിമറിക്കുള്ള സാധ്യത കൂട്ടുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.
തിരുവനന്തപുരത്തെ ചീഫ് കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി ആസ്ഥാനത്തിന് പുറമെ എറണാകുളത്തും കോഴിക്കോട്ടും കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി റീജണൽ ഓഫീസുകളുണ്ട്. ഈ ഓഫീസുകളിലുള്ള 19 അസിസ്റ്റൻ്റ് കെമിക്കൽ എക്സാമിനർമാരാണ് ഇതുവരെ തൊണ്ടി സാധനങ്ങളുടെ പരിശോധനയിൽ മേൽനോട്ടം വഹിച്ച് കോടതികളിൽ റിപ്പോർട്ട് നൽകിയിരുന്നത്. ഈ ചുമതല ഇനി മുപ്പത്തഞ്ചോളം വരുന്ന സയൻ്റിഫിക് ഓഫീസർമാർക്ക് കൂടി ലഭിക്കുമ്പോൾ തൊണ്ടിപരിശോധനയും അവയുടെ റിപ്പോർട്ടും പിഴവില്ലാതെ മോണിറ്റർ ചെയ്യപ്പെടുമോ എന്ന ഗൗരവമേറിയ ചോദ്യത്തിനൊപ്പം പലർക്കും കൈക്കൂലിക്കുള്ള വലിയ സാധ്യതകൂടി പുതിയ ഉത്തരവ് വഴിതുറക്കുമെന്ന ആശങ്കയും ഉയരുന്നു