mb-rajesh-vt-balram-3

തൃത്താല ഗവ. നഴ്‌സിങ് കോളജിൽ  അഡ്‌മിഷൻ തുടങ്ങുന്ന വിവരം ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ച് മുന്‍ മന്ത്രി എം.ബി. രാജേഷ്. തൃത്താലയിൽ ജനപ്രതിനിധിയായ കാലത്ത് ജനങ്ങൾക്ക് നൽകിയ മറ്റൊരു വാഗ്‌ദാനം കൂടി പാലിക്കാനായതിലും, തിരഞ്ഞെടുപ്പുകാലത്ത് യുഡിഎഫ് സ്ഥാനാർഥി പ്രചരിപ്പിച്ച കല്ലുവെച്ച നുണ പൊളിച്ചടുക്കാനായതിലും സന്തോഷമെന്നും അദ്ദേഹം വി.ടി. ബല്‍റാമിനെ ഉന്നമിട്ട് കുറിച്ചു. 

'അപ്പോൾ അതും ശരിയായി കേട്ടോ. അഡ്‌മിഷൻ തുടങ്ങുകയായി. എവിടെയെന്നല്ലേ? തൃത്താല ഗവ. നഴ്‌സിങ് കോളേജിൽ. അവിടെ ആദ്യബാച്ചിൻ്റെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച വിവരം സന്തോഷത്തോടെ അറിയിക്കട്ടെ. ഇതിനു മുമ്പ് അനേകം പദ്ധതികളെന്ന പോലെ ഇതും യാഥാർത്ഥ്യമാക്കാനായതിൽ കുറച്ചധികം തന്നെ അഭിമാനമുണ്ട്. തൃത്താലയിൽ ജനപ്രതിനിധിയായ കാലത്ത് ജനങ്ങൾക്ക് നൽകിയ മറ്റൊരു വാഗ്‌ദാനം കൂടി പാലിക്കാനായതിൽ. മാത്രമല്ല തെരഞ്ഞെടുപ്പുകാലത്ത് യുഡിഎഫ് സ്ഥാനാർത്ഥി പ്രചരിപ്പിച്ച കല്ലുവെച്ച നുണ പൊളിച്ചടുക്കാനായതിൽ. 

തിരഞ്ഞെടുപ്പു കാലത്ത്  തൃത്താലയിലെ ഏറ്റവും വലിയ നുണപ്രചാരണമായിരുന്നു ഗവ .നഴ്സിങ് കോളേജ് എന്നൊന്ന് ഇല്ല എന്നത്. ഇതിന് നേതൃത്വം നൽകിയത് മറ്റാരുമായിരുന്നില്ല. യുഡിഎഫ് സ്ഥാനാർത്ഥി നേരിട്ടായിരുന്നു. ഒടുവിൽ വീഡിയോയിലുടെ കോളേജിൻ്റെ വിശദാംശങ്ങളും പുറത്തു വന്നപ്പോൾ  ‘ഇതാണോ നഴ്സിങ് കോളേജ്’ എന്ന കണ്ണടച്ച പരിഹാസമായി. അധികാരത്തിലേറി ദിവസങ്ങൾക്കകം ഓരോ മേഖലയിലും സ്വകാര്യവത്ക്കരണം ആരംഭിച്ചവരുടെ സ്ഥാപിത താല്പര്യങ്ങളായിരിക്കാം ആ പരിഹാസങ്ങൾക്ക് പുറകിൽ. ഗത്യന്തരമില്ലാതെ ഇക്കൂട്ടർ തന്നെ കഴിഞ്ഞ ദിവസങ്ങളിൽ തൃത്താല ഗവ. നഴ്സിങ് കോളേജിന്റെ  പിതൃത്വം ഏറ്റെടുത്ത് അപഹാസ്യരാവുന്ന കാഴ്ച്ചയും സാമൂഹ്യമാധ്യമങ്ങളിൽ കണ്ടു. തൊലിക്കട്ടി അപാരം തന്നെ!. എന്തായാലും CPAS ന്റെ വെബ്സൈറ്റ് വഴി ജൂൺ 30 വരെ തൃത്താല ഗവ. നഴ്സിംഗ് കോളേജിലേക്ക്  അപേക്ഷിക്കാം. നുണ പ്രചാരകർ ലജ്ജിക്കട്ടെ'.– എം.ബി. രാജേഷ് വ്യക്തമാക്കി. 

ENGLISH SUMMARY:

Thrithala Govt Nursing College admissions have officially begun, as announced by former minister MB Rajesh. He expressed his joy in fulfilling another promise made to the people of Thrithala during his tenure as their representative and in debunking false claims made by the UDF candidate during the election period.