വനിതകള്‍ക്ക് സൗജന്യയാത്ര ചില്ലറ സാമ്പത്തിക ഭാരമല്ല സര്‍ക്കാരിനും കെ.എസ്.ആര്‍.ടി.സിക്കും. സൗജന്യയാത്രയിലൂടെ നഷ്ടപ്പെടുന്ന തുക സര്‍ക്കാര്‍ നല്‍കുമെങ്കിലും കെഎസ്.ആര്‍.ടി.സിയിലെ ടിക്കേറ്റതര വരുമാനം കൂട്ടാനും പ്രവര്‍ത്തന ചെലവ് കുറയ്ക്കാനും നടപടികള്‍ ആലോചിക്കുകയാണ് സര്‍ക്കാര്‍. അതില്‍ ഏറ്റവും പ്രധാനമാണ് മൈലേജ് കൂട്ടല്‍. അതിനൊരു പരീക്ഷണമായിരിക്കെ, ഡ്രൈവര്‍മാര്‍ക്ക് പരീക്ഷയും പരിശീലനവും വരികയാണ്. 

മികച്ച ഇന്ധനക്ഷമത കൈവരിക്കുന്ന ഡ്രൈവര്‍മാരെ ആദരിക്കാന്‍ യൂണിറ്റുകള്‍ക്ക് നി‍ര്‍ദേശം നല്‍കിയിട്ടുണ്ട്. മൈലേജ് കൂട്ടുന്ന ഡ്രൈവര്‍മാരുടെ പട്ടിക ഓരോ യൂണിറ്റും എല്ലാ മാസവും അഞ്ചിന് മുന്‍പ് തയാറാക്കി ചീഫ് ഓഫീസിന് കൈമാറണം. മൈലേജിനൊപ്പം അപകടമില്ലാതെ വണ്ടിയോടിക്കുന്നതും പരിഗണിക്കും. 

കളക്ഷന്റെ കാര്യത്തില്‍ മുന്നിട്ട് നില്‍ക്കുന്നവരെയും പ്രത്യേകം ആദരിക്കും. മൈലേജ് പാലിക്കാത്തവര്‍ക്ക് തലസ്ഥാനത്തെയും എടപ്പാളിലെയും കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കും. പരിശീലനം ഒരുമിച്ചായിരിക്കില്ല. ഒരുമിച്ച് പരിശീലനത്തിന് അയച്ചാല്‍ ബസുകള്‍ ഡിപ്പോകളില്‍ കിടക്കും. യാത്രക്കാര്‍ പെരുവഴിയിലും. 

അതേസമയം, ഓഡോമീറ്ററും സ്പീഡോമീറ്ററുമൊന്നുമില്ലാത്ത 15 വര്‍ഷക്കാലാവധി കഴിഞ്ഞിട്ടും പ്രത്യേക അനുമതിയോടെ ഓടുന്ന ബസുകളുടെ കാര്യത്തില്‍ മൈലേജ് ഡ്രൈവറിന്റെ പ്രശ്നമല്ല. ജന്‍ റം പദ്ധതിയിലൂടെ വാങ്ങിയ ബസുകളുടെ കാര്യത്തിലും മൈലേജ് തുടക്കം മുല്‍ക്കേ പ്രശ്നമാണ്. ഒരു ലീറ്റര്‍ ഡീസലിന് മൂന്നു കിലോമീറ്റര്‍ കിറ്റിയാല്‍ തന്നെ ഭാഗ്യമാണ് ഈ ബസുകളില്‍.

ENGLISH SUMMARY:

Improving KSRTC mileage is a key strategy for the Kerala government to offset the financial burden of free bus travel for women. This initiative includes training and incentives for drivers to achieve better fuel efficiency and reduce operational costs for KSRTC.