• കെഎസ്ആര്‍ടിസിയില്‍ ആകെ ബസുകള്‍ 5,765
  • തിരുവനന്തപുരം ജില്ലയ്ക്ക് 1,498 ബസുകള്‍
  • മലപ്പുറത്തിന് 170 ബസുകള്‍
  • ആകെ ബസുകള്‍ 5765
  • തെക്കന്‍ മേഖല– 2,448
  • തിരുവനന്തപുരം – 1,498
  • കൊല്ലം– 663
  • പത്തനംതിട്ട– 287
  • മധ്യമേഖല – 1,911
  • ആലപ്പുഴ– 394
  • കോട്ടയം– 402
  • ഇടുക്കി– 257
  • എറണാകുളം– 550
  • തൃശൂര്‍– 308
  • മലബാര്‍– 1,406
  • പാലക്കാട്– 241
  • മലപ്പുറം– 173
  • കോഴിക്കോട്– 303
  • വയനാട്– 257
  • കണ്ണൂര്‍ – 270
  • കാസര്‍കോട്– 162

കെ.എസ്.ആര്‍.ടി.സിയുടെ സൗജന്യയാത്ര നടപ്പാക്കുമ്പോള്‍ പ്രധാനമായും ഉയരുന്ന ഒരു ചോദ്യമാണ് കേരളത്തിലെ എല്ലാ സ്ത്രീകള്‍ക്കും ഈ ആനുകൂല്യം ഒരുപോലെ ലഭിക്കുമോയെന്നത്. ശരിയാണ്, സ്ത്രീകളുടെ കാര്യത്തില്‍ വിവേചനമില്ല. സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും ബസുകളില്‍ ഒരുപോലെ സൗജന്യമായിരിക്കും. വിഷയം അതല്ല, കേരളത്തിലെ എല്ലാ ജില്ലകളിലും ഒരു അനുപാതത്തില്‍ ബസുണ്ടോയെന്നതാണ് ചോദ്യം. കണക്കുകള്‍ നോക്കിയാല്‍ മലബാറിനോടുള്ള നീതിക്കേട് വ്യക്തമാകും.

കെഎസ്ആര്‍ടിസിയില്‍ ജില്ല തിരിച്ച് അല്ല ബസുകള്‍ വിതരണം ചെയ്യുന്നത്. ഡിപ്പോ തിരിച്ചാണ്. എങ്കിലും ആ ഡിപ്പോകള്‍ സ്ഥിതി ചെയ്യുന്ന ജില്ലകള്‍ വച്ചുള്ള കണക്കുകളാണ് ഈ വാര്‍ത്തയ്ക്കായി ശേഖരിച്ചത്.

കെഎസ്ആര്‍ടിസിയുടെ പക്കല്‍ 5765 ബസുകളാണുള്ളത്. ഇതില്‍ അറ്റക്കുറ്റപ്പണി നടക്കുന്നവ, അപകടങ്ങളില്‍പ്പെട്ടവ തുടങ്ങി 900ത്തിനടുത്ത് ബസുകള്‍ കട്ടപ്പുറത്തായിരിക്കും. ചുരുക്കിപ്പറഞ്ഞാല്‍ പ്രതിദിനം നിരത്തിലുണ്ടാവുക ശരാശരി 4,900 ബസുകളാണ്. ഇതില്‍ തന്നെ ഓര്‍ഡിനറിയുടെ കാര്യം പ്രത്യേകം എടുത്താല്‍, കട്ടപ്പുറത്തുള്ളത് ഉള്‍പ്പെടെ 3,123 ബസുകളാണ് ഓര്‍ഡിനറി സര്‍വീസ് നടത്തുന്നത്. ഓടുന്നതിന്റെ കണക്കെടുത്താല്‍ 2,700നടുത്തുണ്ടാകും. ഇനി സുപ്രധാനമായ ജില്ലാ കണക്കിലേക്ക് കടക്കുമ്പോള്‍ ഇതിന്റെ ഗൗരവം വ്യക്തമാകും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ ഉള്‍പ്പെടെ തെക്കന്‍മേഖലയ്ക്ക് മാത്രമായി 2448 ബസുകളുണ്ട്. ഇതില്‍ 1,498 ബസുകളും തിരുവനന്തപുരം ജില്ലയിലെ ഡിപ്പോകളിലാണ്.

ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ഉള്‍പ്പെടെയുള്ള അഞ്ച് ജില്ലകള്‍ അടങ്ങുന്ന മധ്യമേഖലയ്ക്ക് 1,911 ബസുകളുണ്ട്.

ഇനിയാണ് വിവേചനത്തിന്റെ കണക്ക്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിങ്ങനെ ആറു ജില്ലകള്‍ അടങ്ങുന്നതാണ് മലബാര്‍. ആറു ജില്ലകള്‍ക്കും കൂടിയുള്ളത് 1,406 ബസുകള്‍ (കട്ടപ്പുറത്തുള്ളത് ഉള്‍പ്പെടെ). ജനസംഖ്യയില്‍ മുന്‍പില്‍ നില്‍ക്കുന്ന മലപ്പുറത്തിന് ആകെയുള്ളത് 173 ബസുകള്‍ മാത്രമാണ്.

ഓര്‍ഡിനറി ബസുകളില്‍ മാത്രമായി സൗജന്യയാത്ര ചുരുക്കുമ്പോള്‍ കേരളത്തിലെ എല്ലാ സ്ത്രീകള്‍ക്കും ഒരുപോലെ അതിന്റെ ആനുകൂല്യം കിട്ടില്ലെന്ന് യുഡിഎഫിനുള്ളില്‍ ഉള്ളവര്‍ തന്നെ പറയുന്നതിന്റെ കാരണം ഈ കണക്കുകള്‍ ആണ്.

ENGLISH SUMMARY:

KSRTC free bus travel for women in Kerala has raised questions about equitable distribution across districts. While the scheme is open to all women and transgender individuals, the allocation of buses suggests a disparity, particularly impacting the Malabar region.