ശബരിമല സ്വർണക്കൊള്ള കേസില്‍ സാംപിള്‍ ശേഖരിക്കാന്‍ എസ്.ഐ.ടിക്ക് ഹൈക്കോടതി അനുമതി. പ്രഭാമണ്ഡലത്തിന്റെയും, കട്ടിളയുടെ മുകൾ ഭാഗത്തെയും പാളികൾ ഇളക്കി സാംപിളുകൾ ശേഖരിക്കും. സാംപിളുകളുടെ ലാബ് പരിശോധനാഫലം കവർച്ചയുടെ പൂർണ്ണമായ വിവരം ലഭിക്കാൻ നിർണ്ണായകമാണ്.
നേരത്തെ പ്രഭാമണ്ഡല പാളികളും മറ്റും ഇളക്കാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് എസ്.ഐ.ടി ഹൈക്കോടതിയുടെ അനുമതി തേടിയത്. 2019 ൽ സ്മാർട്ട് ക്രിയേഷൻസ് യഥാർഥ പാളികളിൽ പൊതിഞ്ഞിരുന്ന സ്വർണ്ണം ‘സ്ട്രിപ്പിങ് സാൾട്ട് ’ ഉപയോഗിച്ച് വേർതിരിച്ചെടുത്തെന്നും എസ്.ഐ.ടി കോടതിയെ അറിയിച്ചു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ജംഷഡ്‌പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ നിന്നുള്ള പരിശോധനാഫലം കഴിഞ്ഞ മാസം 29ന് ലഭിച്ചെന്ന് SIT അറിയിച്ചു. ഇത് വിശകലനം ചെയ്തു വരികയാണെന്നും എസ്ഐടി വ്യക്‌തമാക്കി. ഈ മാസം 18ന് വിഷയം ഹൈക്കോടതി വീണ്ടും പരിഗണിക്കും.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് ഉടനെന്ന് പ്രത്യേകാന്വേഷണ സംഘം ഹൈക്കോടതിയിൽ. 2025ൽ ദ്വാരപാലക ശിൽപ്പങ്ങൾ മാറ്റിയതുമായി ബന്ധപ്പെട്ട അന്വേഷണം അവസാന ഘട്ടത്തിലാണ്. ഉത്തരവാദികളായവരുടെ പങ്കിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളടക്കം ഈ റിപ്പോർട്ടിൽ സമർപ്പിക്കാനാകുമെന്നും എസ്ഐടി കോടതിയെ അറിയിച്ചു.