സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വന്‍ അഴിച്ചുപണി വരുന്നു. ഈ മാസം വിരമിക്കുന്ന ചീഫ് സെക്രട്ടറിക്ക് പകരം ധനകാര്യ സെക്രട്ടറി കെ.ആര്‍.ജ്യോതിലാൽ പുതിയ ചീഫ് സെക്രട്ടറിയാകാനുള്ള സാധ്യത തെളിയുന്നു. സസ്പെന്‍ഷന്‍ പിന്‍വലിക്കപ്പെട്ട ഡോ. അശോകിനും എന്‍.പ്രശാന്തിനും നിര്‍ണായക പദവികള്‍ കിട്ടിയേക്കും. ആഭ്യന്തര, റവന്യു, തദ്ദേശഭരണവകുപ്പ് സെക്രട്ടറിമാരും മാറിയേക്കും.
സര്‍ക്കാര്‍ അധികാരമേറ്റ് ഇത്രനാളായിട്ടും ഐഎഎസ് തലപ്പത്ത് കാര്യമായ അഴിച്ചുപണി വന്നിട്ടില്ല. ആറു ജില്ലകലക്ടര്‍മാരെ മാറ്റുകയും ചില വകുപ്പ് സെക്രട്ടറിമാരെ പുനക്രമീകരിക്കുകയും ചെയ്തിരുന്നു. പട്ടീല്‍ അജിത് ഭഗവത് റാവുവിനെ ധനകാര്യ അഡീഷണല്‍ സെക്രട്ടറിയായും ട്രാന്‍സ്പോര്‍ട്ട് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി പി ബി നൂഹിനെ ജിഎസ്ടി കമ്മീഷ്ണറായും നിയമിച്ചിരുന്നു . കണ്ണൂര്‍ ജില്ലാ കലക്ടറായിരുന്ന അരുണ്‍ കെ വിജയനെ വ്യവസായ വകുപ്പ് ഡയറക്ടറായും നിയമിച്ചിരുന്നു. എന്നാല്‍ ഇതിനപ്പുറത്തേക്ക് വലിയ അഴിച്ചുപണി ഇന്നോ നാളെയോ ഐഎഎസ് തലപ്പത്ത് വന്നേക്കും റവന്യൂ സെക്രട്ടറി രാജമാണിക്യത്തെ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും, തദ്ദേശഭരണവകുപ്പ് സെക്രട്ടറി ടി വി അനുപക്ക് നിര്‍ണായക പദവി നല്‍കും. ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹയേ അപ്രധാന വകുപ്പിലേക്ക് മാറ്റിയേക്കും .പുതിയ ചീഫ് സെക്രട്ടറിയായി വരാന്‍ സാധ്യതയുള്ളവരില്‍ സീനിയറായ സജ്ജീവ് കൗശിക് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്. സംസ്ഥാനത്ത് നിലവിലുള്ള ഉദ്യോഗസ്ഥരില്‍ സീനിയറാണ് ബിശ്വനാഥ് സിന്‍ഹ. എന്നാല്‍ എല്‍ഡിഎഫ് കാലത്ത് വനിതാ ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉന്നയിച്ച പരാതിയില്‍ നടപടിയെടുക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടിരുന്നതാണ്.അതിനാല്‍ സിന്‍ഹ ചീഫ് സെക്രട്ടറിയാവാന്‍ സാധ്യതയില്ല. നിലവിലെ ചീഫ് സെക്രട്ടറി എ ജയതിലകിന് ഈ മാസം അവസാനം വരെ കാലാവധിയുളളതിനാല്‍ പിന്നീട് മാത്രമേ പുതിയ ചീഫ് സെക്രട്ടറിയെ നിശ്ചയിക്കുകയുള്ളൂ . ധനകാര്യ സെക്രട്ടറി കെ ആര്‍ ജോതിലാല്‍ ചീഫ് സെക്രട്ടറിയാവാനാണ് സാധ്യത കൂടുതല്‍. രണ്ടു ദിവസത്തിനുള്ളില്‍ വരുന്ന ഐഎഎസ് അഴിച്ചുപണിയില്‍ സര്‍വ്വേ ഡയറക്ടര്‍ സാംഭവശിവറാവു മാറിയേക്കും. പിണറായി സര്‍ക്കാര്‍ ദ്രോഹിച്ച ഡോ ബി അശോകിനെയും എന്‍ പ്രശാന്തിനെയും നിര്‍ണായക പദവികളിലേക്ക് സര്‍ക്കാര്‍ നിയോഗിക്കുമെന്ന് സൂചനയുണ്ട്.